KeralaNews

സി.കെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കരുത്; എതിര്‍പ്പുമായി ബി.ജെ.പി വയനാട് ജില്ലാ ഘടകം

വയനാട്: കഴിഞ്ഞ ദിവസം എന്‍.ഡി.എയില്‍ ചേര്‍ന്ന സി.കെ. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബി.ജെ.പി വയനാട് ജില്ലാ ഘടകം. മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം മുന്നണിയില്‍ ചേര്‍ന്ന സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിക്ക് ആറ് സീറ്റുകള്‍ വരെ എന്‍ഡിഎ നല്കിയേക്കുമെന്നാണ് സൂചന.

ഒരിടവേളക്ക് ശേഷം എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ സി.കെ ജാനു ബത്തേരിയിലോ മാനന്തവാടിയിലോ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചാണ് സി.കെ. ജാനു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ സി.കെ. ജാനുവിനെ ജില്ലയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്റെ നിലപാട്. പാര്‍ട്ടിയെ തള്ളിപറഞ്ഞാണ് ജാനു മുന്നണി വിട്ടതെന്ന് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തുകയും സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജില്ലാ നേതൃത്വത്തിന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി സി.കെ. ജാനു രംഗത്തെത്തി. എന്‍ഡിഎ പ്രവേശനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണ്. അവരുമായാണ് പാര്‍ട്ടി ചര്‍ച്ച നടത്തിയത്. അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നും ജാനു പറഞ്ഞു. നേരത്തെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന സി. കെ. ജാനു 25000 ല്‍പ്പരം വോട്ടുകള്‍ അന്ന് നേടിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ജാനുവിന് വീണ്ടും ടിക്കറ്റ് നല്‍കാന്‍ പാര്‍ട്ടി തയാറെടുക്കുന്നത്.

അതേസമയം ജെ.ഡി.എസ് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കോവളത്ത് നീലലോഹിതദാസ് നാടാരാണ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തിരുവല്ലയില്‍ മാത്യു ടി തോമസും ചിറ്റൂരില്‍ കെ.കൃഷ്ണന്‍കുട്ടിയും സ്ഥാനാര്‍ത്ഥികളാകും. അങ്കമാലിയില്‍ ജോസ് തെറ്റയിലാണ് മത്സരിക്കുക. രണ്ട് ദിവസം മുന്‍പാണ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച പാര്‍ലമെന്ററി ബോര്‍ഡ് ശുപാര്‍ശ ജെഡിഎസ് ദേശിയ അധ്യക്ഷന്‍ ദേവഗൗഡക്ക് വിടുന്നത്. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അനുമതി നല്‍ക്കികൊണ്ട് ഇന്ന് ദേവഗൗഡ കത്തയക്കുകയായിരുന്നു.

സി.പി.ഐ സ്ഥാനാര്‍ഥി പട്ടികയിലും ധാരണയായി. ജി.എസ്. ജയലാല്‍(ചാത്തന്നൂര്‍), വി. ശശി (ചിറയിന്‍കീഴ്), കെ. രാജന്‍ (ഒല്ലൂര്‍), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), പി.പ്രസാദ് (ചേര്‍ത്തല), പി.എസ്. സുപാല്‍ (പുനലൂര്‍), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), ജി.ആര്‍.അനില്‍ (നെടുമങ്ങാട്), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്‌സിന്‍ (പട്ടാമ്പി), ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ടൈസന്‍ മാസ്റ്റര്‍(കയ്പമംഗലം), ഗീത ഗോപി (നാട്ടിക) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.

നെടുമങ്ങാട് നിന്നു മത്സരിക്കുന്ന ജി.ആര്‍. അനില്‍ മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയിലെ പുതുമുഖം. അതേസമയം, ചടയമംഗലത്ത് വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker