CricketNewsSports

അര്‍ഷ്ദീപ് ഇന്ത്യയുടെ അഭിമാനം,ഓരോ ഇന്ത്യന്‍ പൗരനും ഒപ്പം നില്‍ക്കണം, പിന്തുണയുമായി ബി.ജെ.പി

ന്യൂഡൽഹി: പാകിസ്ഥാനെതിരെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് പിന്തുണയുമായി ബിജെപി. അര്‍ഷ്ദീപ് ഇന്ത്യയുടെ അഭിമാനമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. ഓരോ ഇന്ത്യന്‍ പൗരനും അര്‍ഷ്ദീപിന് ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അര്‍ഷദീപ് സിംഗിന്‍റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് ഖാലിസ്ഥാനി ബന്ധം കൂട്ടിച്ചേര്‍ത്ത  സംഭവത്തില്‍ കേന്ദ്ര ഐടി മന്ത്രാലയം ഇടപെടലിന് തരുണ്‍ സ്വാഗതം ചെയ്തു.

അര്‍ഷ്ദീപ് ഇന്ത്യയുടെ അഭിമാനമാണ്. പഞ്ചാബിൽ നിന്നുള്ള വളർന്നുവരുന്ന താരമാണ് അദ്ദേഹം, ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തോടൊപ്പം നിൽക്കുന്നു. അര്‍ഷ്ദീപിന് എതിരെ വിദ്വേഷ പ്രസ്താവനകൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ പേസര്‍ അർഷ്‌ദീപ് സിംഗിനെതിരായ ട്രോളുകളും വിമർശനങ്ങളും കാര്യമാക്കുന്നില്ലെന്ന് താരത്തിന്‍റെ മാതാപിതാക്കൾ പറഞ്ഞു. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ടീം ഇന്ത്യ ജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിച്ചത്. നിർണായക സമയത്ത് ക്യാച്ച് നഷ്ടപ്പെടുത്തിയാൽ വിമർശനങ്ങൾ ഉണ്ടാവുക സ്വാഭാവികം. സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങൾ അർഷ്ദീപിനെ ബാധിച്ചിട്ടില്ലെന്നും അച്ഛൻ ദർശൻ സിംഗ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

ക്യാച്ചുകൾ നഷ്ടപ്പെടുന്നത് ക്രിക്കറ്റിന്‍റെ ഭാഗമാണെന്നും ആരാധകരുടെ സ്നേഹം കിട്ടുമ്പോൾ ഇത്തരം വിമർശനങ്ങളും പ്രതീക്ഷിക്കണമെന്ന് അമ്മ ദൽജീത് കൗർ പ്രതികരിച്ചു. പതിനെട്ടാം ഓവറിൽ ആസിഫ് അലിയുടെ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് അർഷ്‌ദീപിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്. വിക്കിപീഡിയയിൽ അ‌ർഷ്‌ദീപിന്‍റെ പേജിൽ ഇന്ത്യ എന്നതിന് പകരം ഖലിസ്ഥാൻ എന്ന് തിരുത്തി. ഇതോടെ കേന്ദ്ര ഐ ടി മന്ത്രാലയം വിക്കിപീഡിയയോട് വിശദീകരണം ആവശ്യപ്പെട്ടു. താരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖർ അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button