തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരം കടുപ്പിക്കാൻ ശക്തരായ നേതാക്കളെ തന്നെ ഇറക്കാൻ ബി ജെ പി. പാർട്ടിയിലെ കരുത്തരോടൊപ്പം തന്നെ യുവ നേതാക്കളേയും നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയായ അനിൽ ആന്റണിയേയും മത്സരിപ്പിച്ചേക്കും.
തൃശൂരും തിരുവനന്തപുരവും അടക്കം ആറ് സീറ്റുകളിലാണ് ബി ജെ പി പ്രത്യേക ശ്രദ്ധ നൽകുന്നത്. തൃശൂരിൽ നടനും മുൻ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട്. തിരുവന്തപുരത്ത് യുഡിഎഫിൽ നിന്നും ശശി തരൂർ തന്നെയാണ് നാലാം അങ്കത്തിന് ഇറങ്ങുന്നതെങ്കിൽ ദേശീയ നേതാവിനെ മത്സരിപ്പിച്ചാലും യാതൊരു അട്ടിമറിയും ഉണ്ടാകില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം തരൂരിന് പകരം മറ്റൊരു നേതാവിനെ കോൺഗ്രസ് പരിഗണിച്ചാൽ കേന്ദ്രമന്ത്രി നിർമല സീതാരമാൻ അടക്കമുള്ള നേതാക്കളെ ഇറക്കി മത്സരം കടുപ്പിച്ചേക്കും.
പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർത്ഥി ഇറങ്ങണമെന്നാണ് പാർട്ടിയിലെ അഭിപ്രായം. കേന്ദ്രമന്ത്രി വി മുരളീധരൻ ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ആറ്റിങ്ങലിൽ മത്സരിച്ച ശോഭ സുരേന്ദ്രനെ കോഴിക്കോട് മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതിന് ശോഭ വഴങ്ങുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
പാലക്കാട് കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖരനെയാണ് പരിഗണിക്കുന്നത്. കേരളത്തിൽ മത്സരിക്കാൻ താത്പര്യം ഉണ്ടെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. നേതൃത്വം പറഞ്ഞാൽ എവിടേയും മത്സരിക്കാൻ ഒരുക്കമാണെന്നായിരുന്നു രാജീവ് പറഞ്ഞത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മെച്ചപ്പെട്ട പ്രകടനമായിരുന്നു ബിജെപി കാഴ്ച വെച്ചത്. സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാർ 2,18,556 വോട്ടുകൾ നേടിയിരുന്നു.
പത്തനംതിട്ടയിൽ കുമ്മനം രാജശേഖരനെയാണ് ആർ എസ് എസിന് താത്പര്യം. എന്നാൽ പാർട്ടിക്ക് സാധ്യതയുള്ള മണ്ഡലമെന്ന നിലയിൽ പൊതുസമ്മതനെ അവതരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നടൻ ഉണ്ണിമുകുന്ദനെ ഇറക്കി ബിജെപി വാശിയേറിയ മത്സരം കാഴ്ചവെക്കുമോയെന്നതാണ് ഉറ്റുനോക്കുന്നത്. മാളികപ്പുറം അടക്കമുള്ള സിനിമകളിലൂടെ ഹിന്ദു സമുദായത്തിനിടയിൽ ഉണ്ണിക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് നേതൃത്വം കരുതുന്നു.
മാത്രമല്ല മിത്ത് വിവാദത്തിലടക്കം പരസ്യമായി നിലപാട് പറയാനും ഉണ്ണി തയ്യാറായിരുന്നു. ഹിന്ദു ഉണരണമെന്നായിരുന്നു നടൻ പാലക്കാട് വെച്ച് നടന്ന വേദിയിൽ പ്രഖ്യാപിച്ചത്. ഇത്തരത്തിൽ സ്വീകാര്യതയുള്ള രാഷ്ട്രീയവും നിലപാടും പറയാൻ കഴിയുന്ന താരം ഇറങ്ങിയാൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇത്തവണയും വയനാട്ടിൽ ബിഡിജെസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കായിരിക്കും സീറ്റ്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസിന് ആദ്യം നൽകിയത് തൃശൂർ സീറ്റായിരുന്നു. പിന്നീടാണ് സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ തീരുമാനമായത്. അതുകൊണ്ട് തന്നെ ഇത്തവണ തൃശൂർ തിരിച്ച് വേണമെന്ന ആവശ്യം ബിഡിജെഎസ് ഉയർത്തിയിട്ടുണ്ട്.
അതിനിടെ ആലപ്പുഴയിൽ നിന്ന് അനിൽ ആന്റണിയുടെ പേര് പരിഗണിക്കുന്നത്. എന്നാൽ ക്രിസ്ത്യൻ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിന്ന് അനിലിനെ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിൽ ഉയരുന്ന ആവശ്യം . അങ്ങനെയെങ്കിൽ ഇടുക്കി, കോട്ടയം സീറ്റുകളോ അല്ലെങ്കിൽ ചാലക്കുടി സീറ്റിലോ അനിലിനെ പരിഗണിച്ചേക്കും.
അതേസമയം ഇത്തവണ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ചേക്കില്ല. കേന്ദ്രനിർദ്ദേശം വന്നാൽ ഒരുപക്ഷേ പത്തനംതിട്ടയിൽ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.