കള്ളപ്പണക്കേസ് അന്വേഷിക്കാൻ കേരള പോലീസിന് എന്ത് അധികാരം?കൊടകര കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് കെ. സുരന്ദ്രന്‍
കോഴിക്കോട്: കൊടകരയിൽ പിടികൂടിയ കുഴൽപ്പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാർട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സി.പി.എമ്മും നടത്തികൊണ്ടിരിക്കുന്നത്.
കൊടകരയിൽ നടന്ന പണം കവർച്ചാ കേസുമായി ബന്ധപ്പെട്ടാണ് അർധസത്യങ്ങളും ആസൂത്രിതമായ കള്ളപ്രചാരണങ്ങളും നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. പുകമറ സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പിയെ പ്രതികൂട്ടിലാക്കുകയാണ്. ബി.ജെ.പി. നേതാക്കൻമാരെ ഒരു കാരണവും ഇല്ലാതെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇവർക്ക് കേസുമായി ബന്ധമില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഹാജരായിട്ടുണ്ട്. കോടതിയെ സമീപിക്കുകയോ നെഞ്ചുവേദന വരുകയോ ചെയ്തില്ല. ഇന്നേവരെ ഒരു തരത്തിലും നിസഹരണം ഉണ്ടായിട്ടില്ല. കൊടകരയിലേത് കള്ളപ്പണമോ വെള്ളപ്പണമോ എന്നറിയില്ല.
പോലീസിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കും. ഏത് നേതാക്കൻമാരെ വിളിപ്പിച്ചാലും ഇതായിരിക്കും ബി.ജെ.പിയുടെ നിലപാട്. കേരള പോലീസ് ആണെന്നറിഞ്ഞിട്ടാണ് സഹകരിച്ചത്. ബി.ജെ.പിയുടെ പണമല്ലാത്തതിനാലാണ് സഹകരിക്കുന്നത്. ഈ കേസ് അന്വേഷിക്കാൻ കേരള പോലീസിന് എന്ത് അധികാരമാണ് ഉള്ളത്? മൂന്നര കോടി രൂപയുടെ പണം കവർന്നെന്നാണ് പോലീസ് പറയുന്നത്. ഇരുപതിലധികം പ്രതികളെ അറസ്റ്റു ചെയ്തു. എന്തുകൊണ്ട് ബാക്കി തുക കണ്ടെത്താൻ കഴിയുന്നില്ല? എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ കഴിയുന്നില്ല?
കൊടകര കുഴൽപ്പണം വിവാദം കെ.സുരേന്ദ്രനിലേക്ക് നീണ്ട പശ്ചത്തലത്തിലാണ് അദ്ദേഹം പത്ര സമ്മേളനം നടത്തിയത്. സി.കെ. ജാനുവിന് ബി.ജെ.പിയിൽ ചേരാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയതായി ജെ.ആർ.എസ്. ട്രഷറുടെ പേരിൽ ശബ്ദരേഖ പുറത്തുവന്നിരുന്നു. ട്രഷറർ പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
പത്ത് ലക്ഷം രൂപ നൽകിയാൽ സി.കെ. ജാനു സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ. സുരേന്ദ്രൻ മറുപടി നൽകുന്നതുമാണ് സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോൺ സംഭാഷണം ശരിയാണെന്നും താൻ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത പറഞ്ഞു. സുരേന്ദ്രനുമായി പണമിടപാടിനെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു ശബ്ദരേഖ.പിന്നീട് ട്രഷറർ ഈ ശബ്ദരേഖ ശരിവെച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.