ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്ക്. ബാധ്യത കൂടുതല്‍ കോണ്‍ഗ്രസിനാണ്. പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നര്‍ സമാജ്‌വാദി പാര്‍ട്ടിയാണ്. 2018-19 വര്‍ഷത്തെ, ഡല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ടത് കണക്കാണ് ഇത്.
ഏഴ് ദേശീയപ്പാര്‍ട്ടികളുടെ ആകെ ആസ്തിയുടെ പകുതിയിലധികവും ബിജെപിയുടെ പക്കലാണ്. 5,349.25 കോടി രൂപയാണ് ഏഴ് ദേശീയ പാര്‍ട്ടികളുടെ ആകെ ആസ്തി. 41 പ്രാദേശിക പാര്‍ട്ടികളുടെ ആസ്തി 2,023.71 കോടിയും. 2,904.18 കോടിയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്.
ദേശീയ പാര്‍ട്ടികള്‍ക്ക് ആകെയുള്ളതിന്റെ 54.29 ശതമാനം ബിജെപിക്ക് സ്വന്തം. കോണ്‍ഗ്രസിന് 928.84 കോടിയുടെയും ബിഎസ്പിക്ക് 738 കോടിയുടെയും സിപിഎമ്മിന് 510.71 കോടിയുടെയും സിപിഐയ്ക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്.
പ്രാദേശിക പാര്‍ട്ടികളില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് സമ്പന്നതയില്‍ മുന്നില്‍, 572.21 കോടി. ദേശീയപാര്‍ട്ടികള്‍ക്ക് 133.48 കോടിയുടെയും പ്രാദേശിക പാര്‍ട്ടികള്‍ക്ക് 79.751 കോടിയുടെയും ബാധ്യതയുണ്ട്. ദേശീയ പാര്‍ട്ടികളില്‍ കോണ്‍ഗ്രസിനും പ്രാദേശിക പാര്‍ട്ടികളില്‍ ടിഡിപിക്കുമാണ് ബാധ്യത കൂടുതല്‍. കോണ്‍ഗ്രസിന് 78.415 കോടിയും ടിഡിപിക്ക് 18.10 കോടിയുടെയും ബാധ്യത. ബിജെപിക്ക് 37.463 കോടിയുടെ ബാധ്യതയുണ്ട്.