KeralaNews

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ വെബ്സൈറ്റില്‍: ചെന്നിത്തലയ്ക്കെതിരെ ബിജെപി പരാതി നല്‍കി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിലെ പേരുവിവരങ്ങൾ വിദേശകമ്പനിയുമായി ചേർന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് ദേശസുരക്ഷയെ ബാധിക്കുമെന്നും പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യൻ തിരഞ്ഞെടുപ്പ്കമ്മീഷന് പരാതി നൽകി.

വോട്ടർ പട്ടിക വോട്ടർമാരെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളടങ്ങിയതാണ്. ആ വിവരങ്ങളുടെ സൂക്ഷിപ്പുകാരൻ തിരഞ്ഞെടുപ്പ്കമ്മീഷനാണ്. ഈ തിരഞ്ഞെടുപ്പ്പ്രക്രിയയ്ക്കിടെ ഇരട്ടവോട്ടു സംബന്ധിച്ച നിരവധി പരാതികൾ ഉയർന്നിരുന്നു. ഇരട്ടവോട്ടുകൾ കണ്ടെത്തുന്നതിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) വെബ്സൈറ്റ് നിർമിച്ചു. തിരഞ്ഞെടുപ്പ്കമ്മീഷൻ 38,000 ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയപ്പോൾ 4,34,000 ആണ് ആകെ ഇരട്ടവോട്ടുകളുടെ എണ്ണമെന്ന് വെബ് സൈറ്റിൽ അവകാശപ്പെടുന്നു. ഒന്നിലധികം വോട്ടുള്ളവരുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരട്ടവോട്ട് പ്രശ്നം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി നേതാക്കൾ ഉന്നയിച്ചിരുന്നു. സിംഗപ്പൂർ ആസ്ഥാനമായ ഡാറ്റാ ഡെവലപ്പർ കമ്പനിയാണ് ഈ വൈബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശേഖരണത്തിൽ നിന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ വിവരങ്ങൾ കമ്പനിക്ക് കൈമാറിയത്. ഇത് ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തലാണെന്നും ജോർജ് കുര്യൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷനേതാവും കെപിസിസിയും വോട്ടർ പട്ടികയുടെ ഉടമസ്ഥരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാതെയാണ് ഇത് ചെയ്തത്. മാത്രമല്ല വിവര കൈമാറ്റ മാനദണ്ഡങ്ങൾ പാലിച്ചിട്ടുമില്ല. ഓരോ വോട്ടർക്കും അവരുടെ സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശമുണ്ട്. ഒരു വിദേശ കമ്പനിക്ക് വോട്ടർമാരുടെ സ്വകാര്യവിവരങ്ങൾ കൈമാറിയതിലൂടെ രമേശ് ചെന്നിത്തലയും കെപിസിസിയും പൗരാവകാശം ലംഘിച്ചിരിക്കുകയാണെന്ന് 2017ൽ സുപ്രീംകോടതി പരിഗണിച്ച പുട്ടസ്വാമി കേസിന്റെ അടിസ്ഥാനത്തിൽ വ്യക്തമാണ്. മാത്രമല്ല ഇത് വിവരശേഖരണ നയത്തിന് വിരുദ്ധവുമാണ്.

അനധികൃതമായാണ് രമേശ് ചെന്നിത്തലയും കെപിസിസിയും വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറിയത്. ഇപ്പോൾ പോളിംഗ് ബൂത്ത്, നിയോജക മണ്ഡലം അടക്കം ഓരോ വോട്ടറുടെയും സ്വകാര്യവിവരങ്ങൾ ഈ സിംഗപ്പൂർ കമ്പനിയുടെ പക്കൽ എത്തിയിട്ടുണ്ട്. ഇത് നമ്മുടെ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമാണ്. വോട്ടർ പട്ടികയിലെ വിവരങ്ങൾ കൈമാറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് തിരഞ്ഞെടുപ്പ്കമ്മീഷനും ഒഴിഞ്ഞു മാറാനാകില്ല. അതിനാൽ ഈ വെബ്സൈറ്റിന്റെ പ്രവർത്തനം മരവിപ്പിച്ച് രമേശ് ചെന്നിത്തലയ്ക്കും കെപിസിസിക്കും എതിരെ പോലീസ് നടപടി അടിയന്തരമായി സ്വീകരിക്കണം. പൗരന്റെ മൗലികാവകാശവും വോട്ടറുടെ സ്വകാര്യതയും ലംഘിച്ചതിനെതിരെയും നടപടി വേണമെന്നും ജോർജ് കുര്യൻ പരാതിയിൽ ആവശ്യപ്പെട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker