കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുവര്‍ധന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി. മുതിര്‍ന്ന നേതാക്കളെ മണ്ഡലങ്ങളില്‍ ചുമതലപ്പെടുത്തി വരുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പിടിക്കാനാണ് ബി.ജെ.പി നീക്കം. കൂടാതെ ആറു മാസംകൊണ്ട് സംസ്ഥാനത്തെ ബിജെപി അംഗസംഖ്യ 60 ലക്ഷമാക്കി ഉയര്‍ത്താനും ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലുള്ളവരെയും ഉള്‍പ്പെടുത്തി വന്‍ അംഗത്വ ക്യാംപെയ്ന്‍ ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. ജൂലൈ 6 മുതല്‍ അടുത്ത ജനുവരി 31 വരെയാണ് അംഗത്വ ക്യാംപെയ്ന്‍.
ഉപതിരഞ്ഞെടുപ്പു പ്രതീക്ഷിക്കുന്ന 6 നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിന് കമ്മിറ്റിയിലെ 6 അംഗങ്ങളെ ചുമതലപ്പെടുത്തി. വട്ടിയൂര്‍കാവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം ടി രമേശിനും കോന്നിയില്‍ എ എന്‍ രാധാകൃഷ്ണന്‍, അരൂരില്‍ കെ സുരേന്ദ്രന്‍, പാലായില്‍ ശോഭാ സുരേന്ദ്രന്‍, എറണാകുളത്ത് സി കെ പത്മനാഭന്‍, മഞ്ചേശ്വരത്ത് പി കെ കൃഷ്ണദാസ് എന്നിവക്കുമായിരിക്കും ചുമതല.
ശബരിമല വിഷയത്തില്‍ വിശ്വാസികളെ സഹായിക്കുന്ന നിലപാട് തുടരും. വിശ്വാസത്തെ തൊട്ടുകളിച്ചതാണ് ബിജെപിക്കു തിരിച്ചടിയായതെന്ന എന്‍എസ്എസ് നിലപാടിനോടു പ്രതികരിക്കാനില്ല. ഒരു സമുദായ സംഘടനയുടെ നിലപാടിനോട് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രതികരിക്കേണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.