കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും. കെട്ടിച്ചമച്ച കേസാണിതെന്നും വിചാരണ ഒഴിവാക്കി വെറുതേ വിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ ഈയാവശ്യം ഉന്നയിച്ച് കോട്ടയം അഡി. ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
2014നും 2016നും ഇടയില്‍ കുറവിലങ്ങാട് മഠത്തില്‍ വച്ച് 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ 2018 സെപ്തംബര്‍ 21ന് അറസ്റ്റുചെയ്തു. പിന്നീട് കേസില്‍ ജാമ്യം ലഭിച്ചു. മിഷിണറീസ് ഒഫ് ജീസസ് എന്ന സന്യാസിനി സഭയില്‍ ഉന്നത പദവി വഹിച്ചിരുന്ന പരാതിക്കാരിയെ അച്ചടക്കനടപടിയുടെ ഭാഗമായി നീക്കിയതിലുള്ള വൈരാഗ്യമാണ് തനിക്കെതിരായ പരാതിക്ക് കാരണമെന്ന് ബിഷപ്പ് ആരോപിച്ചിരുന്നു.