കാക്കകള്‍ കൂട്ടത്തോടെ ചാത്തൊടുങ്ങുന്നു! കണ്ടെത്തിയത് പക്ഷിപ്പനി വൈറസ്; ജാഗ്രതാ നിര്‍ദ്ദേശം
ഭോപ്പാല്‍: രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ചത്ത കാക്കകളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി ഇതുവരെ 200 ലധികം കാക്കകളാണ് ചത്ത് വീണത്.
‘ഇതുവരെ കോട്ടയില്‍ 47 കാക്കളാണ് ചത്തത്, ഝാലാവാഡില്‍ 100 കാക്കളും ബാരാണില്‍ 72 കാക്കളും ചത്തു. ബുണ്ടിയില്‍ ഇതുവരെ ചത്ത കേസുകളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല’. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ബോധവത്കരണത്തിനുമായി അവശ്യം വേണ്ട നടപടികള്‍ കൈക്കൊള്ളുകയാണെന്നും രാജസ്ഥാന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി കുഞ്ഞിലാല്‍ മീണ പ്രതികരിച്ചു.
വളരെ ഗൗരതരമായ പ്രശ്‌നമാണിതെന്നും ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും രാജസ്ഥാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലാല്‍ചന്ദ് ഖട്ടരിയയും പറയുന്നു. ശനിയാഴ്ച മാത്രം 25 കാക്കളാണ് ഝാലാവാഡില്‍ ചത്തത്. ബാരാണില്‍ 19ഉം കോട്ടയില്‍ 22ഉം കാക്കകള്‍ ശനിയാഴ്ച മാത്രമായി ചത്തു. അതേസമയം, കാക്കകള്‍ക്ക് പുറമെ, നീലപ്പൊന്‍മാനുകളും മറ്റു വര്‍ഗ്ഗത്തില്‍പെട്ട പക്ഷികളും പലയിടങ്ങളിലും ചത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഝാലാവാഡില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലദോഷം, ചുമ, പനി എന്നിവയുള്ളവരെ കണ്ടെത്താന്‍ സര്‍വേ നടത്തി വരികയാണ്. സംശയമുള്ള രോഗികളുടെ സാമ്പിളുകള്‍ പരിശോധിക്കും.