ബെംഗളൂരു: ലഹരിമരുന്ന്ക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന്‍ അവസാനിക്കും. കോടതിയില്‍ ഹാജരാക്കുന്ന ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന്‍ പരിഗണിച്ചേക്കും. ബിനീഷ് കോടിയേരിക്ക് ഇന്നു നിര്‍ണായകം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നാണ് സൂചന. കസ്റ്റഡി കാലാവധി കഴിയുന്നതിനാല്‍ ബിനീഷിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കും.
എന്നാൽ കഴിഞ്ഞ പന്ത്രണ്ടു ദിവസമായി ബിനീഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. ബംഗളുരു ലഹരിമരുന്ന് ഇടപാട് കേസിലെ കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയെ കേന്ദ്രീകരിച്ചു തുടങ്ങിയ ചോദ്യം ചെയ്യല്‍ ബിനീഷിന്റെ മൊത്തം സാമ്ബത്തിക ഇടപാടുകളിലേക്കു നീണ്ടു. വീട്ടില്‍ റെയ്ഡും പ്രതിഷേധവുമുണ്ടായി. വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ എ.ടി.എം കാര്‍ഡിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യങ്ങളില്‍ ഏറെയും. കൂടാതെ ടോറസ് റമഡീസ് ഉള്‍പെടയുള്ള മൂന്നു കമ്ബനികളിലേക്കും അന്വേഷണം എത്തി. ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്ന് ഇ ഡി കോടതിയില്‍ ആവശ്യപ്പെടില്ലെന്നാണ് സൂചന.
അതേസമയം അന്വേഷണ പുരോഗതി ഇ ഡി കോടതിയെ അറിയിക്കും. റിമാന്‍ഡ് ചെയ്താല്‍ ബിനീഷിനെ പരപ്പന അഗ്രഹാരയിലേക്ക് ആയിരിക്കും മാറ്റുക. ചോദ്യം ചെയ്യാനായി വിളിപ്പിച്ച കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫ് ഒളിവിലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ബിനീഷിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാന്‍ നവംബര്‍ രണ്ടിന് ശേഷം ഹാജരാകാം എന്നേറ്റ ലത്തീഫ് ഇതു വരെ ബംഗളൂരുവില്‍ എത്തിയിട്ടില്ല. ക്വാറന്റീനിലാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലത്തീഫ് ഹാജരാകാന്‍ സമയം നീട്ടി ചോദിച്ചത്.