NationalNews

Bilkis Bano case: ബിൽക്കിസ് ബാനോ കേസ്;പ്രതികൾ കീഴടങ്ങി

അഹമ്മദാബാദ്‌:ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ(Bilkis Bano rape case) 11 പ്രതികളും (convicts) ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിൽ ഇന്നലെ ഹാജരായി. സുപ്രീം കോടതി പുറപ്പെടുവിച്ച സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഞായറാഴ്ച വൈകുന്നേരം ഹാജരായത്.

സിംഗ്വാദ് രന്ധിക്പൂരിൽ നിന്ന് രണ്ട് സ്വകാര്യ വാഹനങ്ങളിലായി രാത്രി 11.30നാണ് പ്രതികൾ ഗോധ്ര സബ് ജയിലിൽ എത്തിയത്. “ഞായറാഴ്ച രാത്രിയോടെ 11 പ്രതികളും ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങി,” പ്രാദേശിക ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എൻ എൽ ദേശായി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ബകാഭായ് വോഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ് നായ്, ജസ്വന്ത് നായ്, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് എന്നിവരാണ് ശിക്ഷിക്കപ്പെട്ട 11 പ്രതികൾ.

ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾ സമർപ്പിച്ച ഹർജി ജനുവരി 19നാണ് സുപ്രീം കോടതി തള്ളിയത്. എല്ലാ പ്രതികളും ജനുവരി 21-നകം ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

കീഴടങ്ങാൻ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികൾ ഉന്നയിച്ച കാരണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. “കീഴടങ്ങുന്നത് നീട്ടിവെക്കാനും ജയിലിലേക്ക് തിരികെ റിപ്പോർട്ട് ചെയ്യാനും അപേക്ഷകർ മുന്നോട്ട് വെച്ച കാരണങ്ങൾ ഞങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്ന് അവരെ ഒരു തരത്തിലും തടയുന്നതല്ല,” ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

വീട്ടിലെ ഉത്തരവാദിത്തങ്ങൾ, മകന്റെ വിവാഹം, ശൈത്യകാല വിളവെടുപ്പ് എന്നിവയായിരുന്നു കുറ്റവാളികൾ പറഞ്ഞ ചില കാരണങ്ങൾ. ഞായറാഴ്ച കീഴടങ്ങിയതിന് ശേഷം പ്രതികൾക്ക് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാനുള്ള അവസരമുണ്ട്. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ അവിടുത്തെ സർക്കാരിന് മുമ്പാകെ പുതിയ ഇളവിനും പ്രതികൾ അപേക്ഷ നൽകിയേക്കും.

ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങാൻ നാല് മുതൽ ആറ് ആഴ്ച വരെ സമയം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. കീഴടങ്ങാനുള്ള സമയം ഞായറാഴ്ച അവസാനിക്കുന്നതിനാൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

2002 ലെ കലാപത്തിൽ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളിൽ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലായിരുന്നു കോടതിയുടെ നിർണായക ഇടപെടൽ. ബിൽക്കിസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചുകൊണ്ട് ഗുജറാത്ത് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ജനുവരി 8ന് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ഇതോടൊപ്പം 11 പേരും രണ്ടാഴ്ചയ്ക്കകം ജയിൽ അധികൃതർക്ക് കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.

പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി വിധി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വാദം കേൾക്കുന്നതിനിടെ ​ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. ​ഗുജറാത്ത് സർ‍ക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്നും കോടതി പറഞ്ഞു.

കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയ്‌ത്രയും അടക്കം സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ വിധി വന്നത്. കുറ്റവാളികൾ ഒരുതരത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്നും,​ ജയിലിലേക്ക് തിരികെ അയയ്ക്കണമെന്നും ബിൽക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത  സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker