KeralaNews

കൊച്ചിക്ക് നേട്ടം, ലോകാരോ​ഗ്യ സംഘ‌ടന‌‌യുടെ വമ്പന്‍ പ്രഖ്യാപനം

കൊച്ചി: കേരളത്തിന്റെ വാണിജ്യന​ഗരമായ കൊച്ചിക്ക് സവിശേഷ നേട്ടം. ദക്ഷിണേഷ്യയിലെ ആദ്യത്തെ വയോജന സൗഹൃദ നഗരമായി  ലോകാരോഗ്യ സംഘടന കൊച്ചിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ ആസ്ഥാനമായ ജനീവയില്‍ വെച്ചാണ് സുപ്രധാന പ്രഖ്യാപനം നടന്നത്. കൊച്ചി നഗരം വയോജനങ്ങാല്‍ക്കായി നടത്തുന്ന പദ്ധതികള്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനായി 2023 ജൂണ്‍ 14-ാം തീയതി കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ ലോകാരോഗ്യ സംഘടനയുടെ ലീഡര്‍ ഷിപ്പ് സമ്മിറ്റില്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. പിന്നാലെയാണ് കൊച്ചിയെ തെരഞ്ഞെടുത്തത്. 

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും മാനസികവും ശാരീരികാരോഗ്യത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി കഴിഞ്ഞ മൂന്നുവര്‍ഷമായി കൊച്ചി നഗരസഭ നടത്തിയ പരിശ്രമങ്ങള്‍ക്കായുള്ള അംഗീകാരമാണ് നേട്ടം. മാജിക്സ് എന്ന സന്നദ്ധ സംഘടന, ഐഎം.എ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്കടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികളും പരിപാടികളും നഗരസഭ ഈ കാലയളവില്‍ നടപ്പാക്കി. 

പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക, മുതിര്‍ന്നവരുടെ സാമൂഹികമായ ജീവിതത്തിന് ഉതകുന്ന സൗകര്യങ്ങള്‍ ഒരുക്കുക, വയോജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക, കോളേജുകളുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യയിലുള്ള പരിശീലനം ലഭ്യമാക്കുന്ന വയോവിജ്ഞാനം പദ്ധതി, വയോജനങ്ങള്‍ക്ക് മാത്രമായുള്ള സീനിയര്‍ ടാക്സി സര്‍വീസ്, മാതൃകാ സായം പ്രഭ പകല്‍ വീട് എന്നിവയടക്കമുള്ള നിരവധി നൂതന പദ്ധതികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കൊച്ചി നഗരസഭ നടപ്പിലാക്കി.

 മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ദന്തസംരക്ഷണത്തില്‍ ഊന്നിയുള്ള വയോസ്മിതം പദ്ധതി, വയോജനങ്ങളുടെ വിനോദസഞ്ചാര പരിപാടിയായ ജെറിയാട്രിക് ടൂറിസം പദ്ധതി, മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള കായികമേള, മുതിര്‍ന്ന പൗരന്മാരുടെ പ്രതിഭ കണ്ടെത്തുന്നതിനായുള്ള വയോപ്രതിഭ പദ്ധതി എന്നിവയും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. വയോമിത്രം പദ്ധതിയില്‍ ഉള്‍പ്പെടുന്ന ശരാശരി നാലായിരത്തോളം വയോജനങ്ങള്‍ക്ക് പ്രയോജനമാകും വിധം വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്.

തേവരയിലെ വൃദ്ധസദനം മന്ദിരം, മൂന്ന് ഓള്‍ഡ് എയ്ജ് ഹോം ക്ലിനിക്കുകള്‍ എന്നിവ അടക്കം നല്‍പ്പത്തഞ്ചോളം ക്ലിനിക്കുകള്‍ വയോജനങ്ങള്‍ക്കായി നഗരസഭ നടത്തിവരുന്നുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ അടക്കമുള്ള വാര്‍ദ്ധക്ക്യസഹജമായ എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകളും ഇന്‍സുലിന്‍ അടക്കമുള്ള മറ്റ് ആവശ്യ മരുന്നുകളും വയോജനങ്ങള്‍ക്കായി നല്‍കിവരുന്നുണ്ട്.

നാല്‍പ്പത്തഞ്ച് ക്ലിനിക്കുകളും കേന്ദ്രീകരിച്ച് വയോജന ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ ക്ലബ്ബ് മുഖേന വിനോദയാത്രാ, കലാപ്രദര്‍ശങ്ങള്‍, സൗഹൃദ ചര്‍ച്ചകള്‍, യോഗാ ക്ലാസ്, ബോധവത്ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചുവരുന്നുണ്ട്. വയോജനങ്ങള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും കൊച്ചി നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്ക് എല്ലാ മേഖലയുമായി ബന്ധപ്പെട്ട സഹായത്തിനു വേണ്ടി രൂപീകരിച്ചിട്ടുള്ള എല്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ പദ്ധതി, എമര്‍ജന്‍സി മാനേജ് മെന്‍റ് ആന്‍റ് എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം, കായിക വിനോദ മേഖലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കൊപ്പം വിവിധ പ്രായവിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജെനറേഷന്‍ ഗെയിംഗ് പദ്ധതി, പ്രായമായവരിലെ പോഷകാഹാരശീലം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള മൈക്രോഗ്രീന്‍സ് പദ്ധതി, മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ വീടുകളിലെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്തു നല്‍കുന്നതിനായുള്ളാ ഹോം മെയിന്‍റനന്‍സ് സേവനങ്ങള്‍, വയോജനങ്ങള്‍ക്ക് ആവശ്യമായ സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ്, ഹോം കൗണ്‍സിലിംഗ്, വൈദ്യ സഹായം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള സല്ലാപം തുടങ്ങീ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker