പാട്‌ന: ബിഹാറിൽ പാലം തകരുന്ന സംഭവങ്ങൾ തുടരുന്നു. സരണിൽ ഗണ്ഡകി നദിക്ക് കുറുകെയുള്ള 15 വര്‍ഷം പഴക്കമുള്ള പാലമാണ് ഏറ്റവും ഒടുവിലായി തകര്‍ന്നത്. രണ്ടുദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിതെന്ന് ജില്ലാ കളക്ടര്‍ അമന്‍ സാമിര്‍ അറിയിച്ചു. ബിഹാറില്‍ 17 ദിവസത്തിനിടെ ഇതുവരെ 12 പാലം തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
സരണിലെ ഗ്രാമങ്ങളെ സിവാന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അടുത്തിടെ പാലത്തോടുചേര്‍ന്ന പ്രദേശത്ത് ചെളി നീക്കംചെയ്യല്‍ പ്രവൃത്തി നടന്നിരുന്നു. എന്നാല്‍, പെട്ടെന്ന് പാലം തകരാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
ബുധനാഴ്ച രണ്ടുമണിക്കൂറിന്റെ ഇടവേളയിലാണ് സംസ്ഥാനത്ത് രണ്ടുപാലങ്ങള്‍ തകര്‍ന്നത്. 2004-ല്‍ പണികഴിപ്പിച്ച പാലവും ബ്രിട്ടീഷ് കാലത്തെ മറ്റൊരു പാലവുമാണ് തകര്‍ന്നുവീണത്. കിലോമീറ്ററുകള്‍ മാത്രമാണ് ഇരുപാലങ്ങളും തമ്മിലുണ്ടായിരുന്ന ദൂരം.
Another bridge collapses in Bihar's Saran.#Bihar #BiharNews pic.twitter.com/193Q16QgWQ
— Vani Mehrotra (@vani_mehrotra) July 3, 2024
സിവാന്‍, ഛപ്ര, മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് എന്നിവിടങ്ങളിലും നേരത്തെ പാലം തകര്‍ന്നിരുന്നു. കിഷന്‍ഗഞ്ചില്‍ രണ്ടുദിവസത്തെ ഇടവേളയില്‍ രണ്ടുപാലങ്ങളാണ് തകര്‍ന്നത്.
സംസ്ഥാനത്തെ പഴക്കമുള്ള എല്ലാ പാലങ്ങളും പരിശോധിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തരമായി അറ്റകുറ്റപണി നടത്തേണ്ടവയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു.