BusinessNationalNews

വമ്പൻ തിരിച്ചടി, ഓഹരികൾ കൂപ്പുകുത്തി, ഫോർബ്സിൽ അദാനി ഏഴാം സ്ഥാനത്തേക്ക് വീണു, ഇന്ത്യൻ വിപണിക്കും നഷ്ടം

മുംബൈ: അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നു. വമ്പൻ തിരിച്ചടിയാണ്  ഇന്നും അദാനി ഗ്രൂപ്പ് നേരിട്ടത്. ഓഹരി വിപണിയിൽ അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു ഇന്നും കണ്ടത്.

അദാനിയുടെ ചില സ്റ്റോക്കുകൾ ദിവസത്തെ പരമാവധി നഷ്ടം നേരിട്ടു.ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35 ലക്ഷം കോടിയുടെ ഇടിവാണ്. ഇതിനെ തുടർന്ന് ലോകത്തെ ധനികരുടെ പട്ടികയിലും അദാനിക്ക് വൻ തിരിച്ചടി തുടരുകയാണ്. ഫോർബ്സിന്റെ ധനികരുടെ പട്ടികയിൽ അദാനി 7 ാം സ്ഥാനത്തേക്ക് വീണു. പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇന്നലെ നാലാം സ്ഥാനത്തേക്ക് വീണിരുന്നു.

അദാനി ഗ്രൂപ്പിനുണ്ടാകുന്ന തിരിച്ചടി ഇന്ത്യൻ വിപണിയെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് വ്യാപരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 874 പോയിന്‍റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 282 പോയിന്‍റ് ഇടിവാണ് രേഖപ്പെടുത്തിയത്. 

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബെർഗ് റിസേർച്ചിന്‍റെ കണ്ടെത്തലുകളിൽ സെക്യൂരിറ്റിസ് ആന്‍റ് എകസ്ചേ‌ഞ്ച് ബോർഡ് ഓഫ് ഇന്ത്യയും പരിശോധന നടത്തും. നിലവില്‍ അദാനിക്കെതിരെ നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധന. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന യുഎസ് ഫൊറന്‍സിക് ഫിനാൻഷ്യല്‍ റിസർച്ച് സ്ഥാപനത്തിന്‍റെ കണ്ടെത്തല്‍ വൻ വിവാദമാകുമ്പോഴാണ് ഹിന്‍ഡൻബെർഗ് റിപ്പോർട്ട് സെബി പരിശോധിക്കുന്നത്.

അദാനി ഗ്രൂപ്പിന്‍റെ വിദേശ നിക്ഷേപകരെ കുറിച്ച് സെബിയുടെ പരിശോധന നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ഇതിന്‍റ ഭാഗമായാണ് ഹിൻഡൻബെർഗ് റിപ്പോര്‍ട്ടിലെ വസ്തുതകളും സെബി പരിശോധിക്കുന്നത്. എന്നാല്‍ കമ്പനിക്കെതിരായ അന്വേഷണത്തെ കുറിച്ച് ഔദ്യോഗികമായി സെബി പ്രതികരിച്ചിട്ടില്ല. 

അദാനി ഗ്രൂപ്പിനെതിരായ വെളിപ്പെടുത്തലുകൾ പുറത്തു വരുമ്പോഴും വിവാദം കത്തിക്കയറുമ്പോഴും കേന്ദ്രം മൌനം തുടരുകയാണ്. മോദി സർക്കാരും അദാനിയും തമ്മില്‍ അടുപ്പമെന്ന പ്രതിപക്ഷ വിമർശനം നിലനിലക്കേയുണ്ടായ വെളിപ്പെടുത്തല്‍ ബിജെപിയെയും വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് കോൺഗ്രസും തിരിച്ചടിച്ച് തുടങ്ങി.

വെളിപ്പെടുത്തലുകളില്‍ ഗൗരവതരമായ അന്വേഷണം സെബിയും റിസർവ് ബാങ്കും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ നടപടികളോട് മോദി സർക്കാര്‍ കണ്ണടക്കുകയാണെന്നും ആരോപണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. സർക്കാര്‍ അനാസ്ഥ പുലർത്തുന്നത് കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമാണോയെന്നും ജയ്റാം രമേശ് ചോദിക്കുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker