KeralaNews

’50 രൂപയ്ക്കുള്ള വിലപേപേശല്‍’ തിരിച്ചുപിടിച്ചത്‌ സ്വന്തം ജീവന്‍,അല്ലെങ്കിൽ ഞാനും മറ്റൊരു അർജുനാകുമായിരുന്നു; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

കോതമംഗലം: ‘‘വണ്ടി പഞ്ചറൊട്ടിച്ചതിനും അറ്റകുറ്റപ്പണി നടത്തിയതിനും നൽകിയ തുകയിൽ അൻപത് രൂപ കുറച്ചുതരാനുള്ള വിലപേശലാണ് എന്റെ ജീവൻ രക്ഷിച്ചത്. അല്ലെങ്കിൽ ഞാനും മറ്റൊരു അർജുനാകുമായിരുന്നു…’’ അങ്കോളയ്ക്ക് സമീപം ഷിരൂരിൽ മലയിടിഞ്ഞുണ്ടായ ദുരന്തത്തിൽനിന്ന് നിമിഷത്തിന്റെ വ്യത്യാസത്തിൽ രക്ഷപ്പെട്ട ബിബിൻ ബോസ് (33) ഇത് പറയുമ്പോൾ വാക്കുകൾക്ക് വിറയലുണ്ടായിരുന്നു. മഹാരാഷ്ട്രയ്ക്ക് കൊക്കോ ലോഡുമായി ലോറിയിൽ പോകും വഴി മലയിടിഞ്ഞുവരുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടൽ ബിബിനെ വിട്ടുമാറിയിട്ടില്ല.

ലോറി നന്നാക്കിയതിന് കടക്കാരൻ 2000 രൂപയാണ് വാങ്ങിയത്. പണം കൊടുക്കാൻ നേരത്ത് അൻപത് രൂപ കുറച്ചുതരുമോയെന്ന് ചോദിച്ചു. ചാർജ് കുറയ്ക്കുന്ന ലക്ഷണമൊന്നും കാണാത്തതിനാൽ തിരികെ ലോറിയിൽ കയറി. അപ്പോഴതാ കടക്കാരൻ 50 രൂപ എടുത്തുനീട്ടുന്നു. ലോറിയിൽനിന്നിറങ്ങി പണം വാങ്ങാൻ കടയ്ക്കു മുന്നിലെത്തിയപ്പോഴാണ് മുന്നിലായി മല ഇടിഞ്ഞുവരുന്നത് കണ്ടത്. അൻപത് രൂപ തിരികെ വാങ്ങാനിറങ്ങിയില്ലെങ്കിൽ ഞാനും ലോറിയും മണ്ണിനടിയിലായേനേ…. ബിബിൻ പറഞ്ഞു.

കൂറ്റംവേലി ചിറ്റിലപ്പിള്ളി ബിബിൻ ബോസ് 12 വർഷമായി ഇതര സംസ്ഥാനങ്ങളിലേക്ക് ലോറിയുമായി പോകുന്നതാണ്. ബിബിനൊപ്പം സഹഡ്രൈവർ അടിമാലി സ്വദേശി അഭിലാഷും ലോറിയിൽ ഉണ്ടായിരുന്നു. മണ്ണിടിഞ്ഞിടത്തുനിന്ന്‌ 150 മീറ്റർ മാറിയായിരുന്നു ലോറി.

ബിബിൻ തന്റെ ലോറി കുറച്ചുദൂരത്തേക്ക് മാറ്റിയിട്ടു. മടങ്ങിയെത്തിയപ്പോഴാണ് ഗ്യാസുമായെത്തിയ ഒരു ടാങ്കർലോറി മലയടിവാരത്തിൽ കിടക്കുന്നത് കണ്ടത്. ഡ്രൈവർ ഉണ്ടായിരുന്നില്ല. നോക്കിയപ്പോൾ താക്കോലുണ്ട്. ബിബിൻ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ടാങ്കർലോറിയും കുറേ ദൂരേക്ക് മാറ്റിയിട്ടു. അതല്ലെങ്കിൽ പിന്നീടുണ്ടായ മണ്ണിടിച്ചിലിൽ ടാങ്കറും അകപ്പെടുമായിരുന്നു.

ലക്ഷ്മണന്റെ ചായക്കടയിൽ ചായ കുടിക്കുകയായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ മരണപ്പെട്ടുവെന്നത് ബിബിന് വേദനയായി അവശേഷിക്കുന്നു. ചായക്കടയും അവിടെയുണ്ടായിരുന്നവരും പുഴയിലേക്ക് തെറിച്ചുവീണു. പാർക്ക് ചെയ്തിരുന്ന മറ്റൊരു ഗ്യാസ് ടാങ്കറും അതിശക്തമായാണ് പുഴയിലേക്ക്‌ പതിച്ചത്. ഇതേത്തുടർന്ന് പുഴയിലെ വെള്ളം കരയിലേക്ക് അടിച്ചുകയറി. മലയിലുണ്ടായിരുന്ന മൊബൈൽ ടവർ പൊങ്ങിത്തെറിച്ചു. കാണാതായ അർജുൻ ഓടിച്ച തടി ലോറി ശ്രദ്ധയിൽപ്പെട്ടില്ലെന്നും ബിബിൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ബിബിൻ വീട്ടിൽ തിരിച്ചെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker