സിനിമാ പ്രചാരണത്തിനും ചെങ്കൊടിയുമായി ഭീമൻ രഘു; മൂന്നാമതും ഇടതുസർക്കാർ വരുമെന്ന് താരത്തിന് ഉറപ്പ്
കൊച്ചി:ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയശേഷം താനൊരു കടുത്ത ഇടതുപക്ഷ അനുഭാവിയാണെന്ന് ദിനംതോറും തെളിയിച്ചുകൊണ്ടിരിക്കുകയാണ് നടൻ ഭീമൻ രഘു. ചലച്ചിത്ര പുരസ്കാര വിതരണ ദിവസം മുഖ്യമന്ത്രിയുടെ പ്രസംഗം നടക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റുനിന്നത് ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിരുന്നു. ആ സംഭവത്തിന്റെ ചൂടാറുംമുമ്പേ ഭീമൻ രഘു വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ഭീമൻ രഘു പ്രധാന കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് മിസ്റ്റർ ഹാക്കർ. ഈ ചിത്രത്തിന്റെ പ്രചാരണത്തിന് കഴിഞ്ഞദിവസം അദ്ദേഹമെത്തിയത് സി.പി.എമ്മിന്റെ പാർട്ടി കൊടിയുമേന്തിയാണ്. ബിജെപിയിൽ ആയിരുന്ന സമയത്തും മുഖ്യമന്ത്രിയെക്കുറിച്ച് താൻ സംസാരിക്കാറുണ്ടായിരുന്നെന്ന് ഭീമൻ രഘു പറഞ്ഞു. കോളേജിൽ പഠിക്കുമ്പോൾ തനിക്ക് ഇടതുപക്ഷ ചായ്‌വുണ്ടായിരുന്നുവെന്നും അതിനുശേഷം രാഷ്ട്രീയത്തിലേക്കൊന്നും ഇറങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായാണ് ബിജെപിയിൽ എത്തുന്നത്. അവിടെയും മനോഹരമായി പ്രവർത്തിച്ചുവെന്ന് ഉറപ്പുപറയാൻ പറ്റും. കേരള ബിജെപിയിലാണ് പ്രശ്നം. ഒരു കോക്കസ് വച്ച് കളിക്കുകയാണ്. പുതുപ്പള്ളി ഇലക്‌ഷനിൽ കെട്ടിവച്ച കാശ് കിട്ടിയോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നേതാവ് പോലും ഫോൺ എടുക്കാറില്ല. ഓഫീസിൽ പോയാലും ആരെയും കാണാറില്ല. പല സ്ഥലത്തും തന്നെ ഒഴിവാക്കിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. മാനസികമായുള്ള വെറുപ്പ് കൂടി വന്നുവെന്നും താരം ചൂണ്ടിക്കാട്ടി.
അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും. യാതൊരു സംശയവുമില്ല. മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് താൻ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. താൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ. അവിടെയും ചർച്ചയാകുമല്ലോ എന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു.
ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ സെപ്റ്റംബർ 22ന് തിയേറ്ററുകളിലെത്തുന്നത്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇടുക്കിയിലെ ഒരു മലയോരമേഖലയിൽ ജീവിക്കുന്ന ആളാണ് കുഞ്ഞുമോൻ. കുഞ്ഞുമോന്റെയും സുറുമിയുടെയും പ്രണയവും അതേത്തുടർന്ന് കുഞ്ഞുമോന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവബഹുലമായ കാര്യങ്ങളുമാണ് മിസ്റ്റർ ഹാക്കർ പറയുന്നത്.
ഹാരിസ്, ദേവൻ, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്മാൻ, എം. എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ.