എൽ കെ അദ്വാനിക്ക് ഭാരത രത്ന, പുരസ്കാരം പ്രഖ്യാപിച്ചത് മോദി
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരനാണ് അദ്വാനിയെന്ന് മോദി എക്സിൽ പോസ്റ്റ് ചെയ്തു.
ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്വാനി ജിക്ക് ഭാരതരത്നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു- മോദി പറഞ്ഞു.
അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. 1970 മുതൽ 2019 വരെ പാർലമെൻ്റിൻ്റെ ഇരുസഭകളിലും അംഗമായിരുന്നു. താഴേത്തട്ട് മുതൽ ഉപപ്രധാനമന്ത്രി എന്ന നിലയിൽ വരെ രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അദ്വാനിയുടേതെന്നും മോദി പറഞ്ഞു. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകൾ മാതൃകാപരവും ഉൾക്കാഴ്ചകൾ നിറഞ്ഞതുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ അദ്വാനിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളാൽ അദ്വാനിയോട് ചടങ്ങിനെത്തരുതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിക്കുകയായിരുന്നു. വിഎച്ച്പി അദ്വാനിയെ വീട്ടിലെത്തി ക്ഷണിച്ചെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയില്ല.