കൊല്ലം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സംഘടനാ തലത്തില്‍ നടപടി. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുഞ്ഞിക്കോട്ട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാന്‍ എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കെതിരായാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു.
കുന്നിക്കോട് ടൗണില്‍ സര്‍ക്കാര്‍ ആശുപത്രി ജങ്ഷനുസമീപം പുനലൂര്‍ സ്വദേശികള്‍ നടത്തുന്ന പച്ചക്കറിക്കടയില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം. കടയിലുണ്ടായിരുന്ന അനസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. 500 രൂപ നല്‍കാമെന്ന് അനസ് പറഞ്ഞു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നുവെന്നും കടയിലെ സാധനങ്ങള്‍ നശിപ്പിച്ചതായും കടയുടമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന സമയത്ത് തന്നെയാണ് ഈ സംഭവമുണ്ടായത്. ഇത് ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അതിവേഗം നടപടി വന്നത്.