EntertainmentNews

വീടിന്റെ മുമ്പിൽ ഒരു പാലമരം പൂത്ത് നിൽക്കുന്നു… നല്ല മണം..സമയം ഏകദേശം ആറ് ആറര.. ചേച്ചിക്ക് ഒരു അസ്വസ്ഥത…

കൊച്ചി:മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഡബ്ബിംഗ് താരമാണ് ഭാഗ്യ ലക്ഷ്മി. സിനിമയിലും ഒരു കൈ നോക്കിയ താരം സമൂഹമാധ്യമങ്ങളില്‍ സജീവവുമാണ്.തന്റെ സ്വപ്ന വീടിനെക്കുറിച്ചും അങ്ങനെയൊരു വീട് സ്വന്തമാക്കാൻ നടത്തിയ അന്വേഷണങ്ങളെക്കുറിച്ചും താരം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറൽ

ചെറിയ കുട്ടിയായിരിക്കുമ്പോ ഡ്രായിങ് ക്ലാസ്സിൽ ഞാൻ സ്ഥിരം വരക്കുന്ന ഒരു പടമാണ് ഒരു കുഞ്ഞു വീട് ചുറ്റും വയൽ,വീട്ടിൽ നിന്ന് നോക്കുമ്പോൾ മല ഉദയ സൂര്യൻ… ആ ചിത്രത്തിന് ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ല… അതെന്റെ സ്വപ്നമായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് 1991 ൽ ഒരു വീട് വെച്ചപ്പോ ഈ പറയുന്ന കാഴ്ചകൾ ഒന്നുമില്ലായിരുന്നെങ്കിലും പറമ്പ് നിറയെ തെങ്ങും മാവും പ്ലാവും പുളിയും കൊണ്ട് നിറഞ്ഞതായിരുന്നു.. പക്ഷെ മനഃസമാധാനം ഇല്ലല്ലോ.. അങ്ങനെ ആ ചാപ്റ്റർ ക്ലോസ്ഡ്. വീണ്ടും ഞാനെന്റെ സ്വപ്നത്തിന്റെ പിറകേ പോയി പഴയൊരു തറവാട് വാങ്ങണം ഫലവൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു 20 സെന്റ് ഭൂമി മതി. (ഒരു കുളം ഉണ്ടെങ്കിൽ സന്തോഷം

അത് ഒറ്റപ്പാലം ഷൊർണൂർ തന്നെ വേണം. അങ്ങനെ കെപിഎസി ലളിതചേച്ചിയും ഞാനും കൂടി തറവാട് അന്വേഷിച്ച് ആ പ്രദേശങ്ങളിൽ കുറേ സഞ്ചരിച്ചു.. മനകളായിരുന്നു അധികവും കണ്ടത്.. പൂട്ടിയിട്ട മനകൾ.. നാല് കെട്ടും എട്ട്കെട്ടും പതിനാറ് കെട്ടും ഒക്കെയുളള മനകൾ…

ഒരുതരം ഭയാനകമായ ഏകാന്തത നിറഞ്ഞു നിൽക്കുന്ന മനകൾ, എന്നെ വഴക്ക് പറഞ്ഞുകൊണ്ട് ലളിതചേച്ചി എന്റെ കൂടെ വരും. ഞാനങ്ങനെയൊരു ഏകാന്തവാസം നയിക്കുന്നതിനോട് ചേച്ചിക്ക് ഒട്ടും താല്പര്യമില്ല.. ചേച്ചിയുടെ വടക്കാഞ്ചേരി യിലെ വീടിനടുത്ത് ഞാൻ താമസിക്കണം എന്നാണ് ചേച്ചി ആഗ്രഹിച്ചത്.. സൗഹൃദങ്ങളും ബന്ധങ്ങളും പത്തടി തള്ളിയായാൽ എന്നും അതേപോലെ നിലനിൽക്കും എന്നാണ് എന്റെ വിശ്വാസം.

അങ്ങനെ ഒരു മന കാണാൻ പോയപ്പോൾ എടുത്ത ഫോട്ടോ ആണിത്.. എന്നിട്ട് അന്വേഷണം എന്തായെന്നല്ലേ..

മക്കളും സുഹൃത്തുക്കളും സമ്മതിക്കുന്നില്ലെന്നേ.. ഒന്നുമായിട്ടില്ല.

ഒരിക്കൽ ഒരു വലിയ മന കാണാൻ പോയി ഞാനും മകനും കൂടി. ശരിക്കും പേടിയാവും അതിനുളളിലേക്ക് കയറുമ്പോൾ.. ഞരങ്ങുന്ന പടി കയറി മുകളിലത്തെ നിലയിൽ എത്തി ഞാൻ. കുറേ നരിച്ചീറുകളും വെളളിമൂങ്ങകളും തലങ്ങും വിലങ്ങും പറക്കുന്നു. വെറുതെ അവിടെ നിന്ന് ഒരു ഡയലോഗ് അടിച്ചു..

യാരദ്,, യാരദ്… ഹഹഹഹഹ.. താഴെ നിന്നിരുന്ന ബ്രോക്കർ പേടിച്ച് പുറത്തേക്കോടി… ഒരു സന്ധ്യക്ക് ഞാനും ലളിതചേച്ചിയും കൂടി മറ്റൊരു മന കാണാൻ പോയി. നല്ല ഭംഗിയുളള മന.. പക്ഷെ ഒരേക്കറിന് നടുക്ക്.. ചുറ്റിനും ആരും താമസമില്ല. ഒരു ക്ഷയിച്ച ക്ഷേത്രം മാത്രം..വീടിന്റെ മുമ്പിൽ ഒരു പാലമരം.. പൂത്ത് നിൽക്കുന്നു. നല്ല മണം..സമയം ഏകദേശം ആറ് ആറര.. ചേച്ചിക്ക് ഒരു അസ്വസ്ഥത…ആ പാലയിൽ ഒരു ഊഞ്ഞാലിൽ ഭാർഗവി നിലയത്തിലെ നായികയുടെ ഊഞ്ഞാലാട്ടം ഞാൻ മനസ്സിൽ കണ്ടു നല്ല വീടല്ലേ ചേച്ചി വാങ്ങാം എന്ന് ഞാൻ.. ഉം നീയിവിടെ തനിച്ച് ആ ക്ഷേത്രത്തിലെ ശാന്തിക്കാരൻ അവിടെ തനിച്ച്.. പിന്നയത് സംബന്ധമാവും വേണ്ട വാ പോകാം.. എന്റെ കൈപിടിച്ച് വലിച്ചു കൊണ്ട് ചേച്ചിയുടെ ഒരോട്ടം ഞാനിന്നും ഓർത്ത് ചിരിക്കും

പക്ഷെ ഞാൻ പോകും ആഗ്രഹം പോലെ ഒരു വീട് വെക്കും. Final Destination അവിടെത്തന്നെയാവും..
ഫോട്ടോ എടുത്തത് എന്റെ മോൻ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker