കണ്ണൂർ: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. രാഹുൽ ഗാന്ധിയുടെ വായ മൂടിക്കെട്ടിയതുകൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിർത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജവംശങ്ങളുടെ ശ്മശാനഭൂമിയാണ് ഡൽഹിയെന്ന് ഭരണാധികാരികളും അവരുടെ അനുയായികളും അറിഞ്ഞിരിക്കണമെന്നും പത്മനാഭൻ പറഞ്ഞു. കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നാം എല്ലാം നമ്മുടെ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ഒരു ദുരന്തത്തിന്റെ നിഴലിലാണ്. ഏതാണ് ആ ദുരന്തം എന്നത് പറയേണ്ട ആവശ്യമില്ല. രാഹുൽ ഗാന്ധിയുടെ വായ മൂടിക്കെട്ടിയതു കൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിർത്താനാകില്ല. ഇരുട്ടിനപ്പുറത്ത് പ്രകാശത്തിന്റെ നാളമുണ്ട്. ഡൽഹി രാജവംശങ്ങളുടെ ശ്മശാനഭൂമിയാണെന്ന് ഡൽഹിയിലുള്ള ഭരണാധികാരികളും അവരുടെ അനുയായികളും അറിഞ്ഞിരിക്കണം’ പത്മനാഭൻ പറഞ്ഞു.
അതേസമയം, തന്നെ അയോഗ്യനാക്കിയതിൽ പ്രതികരണവുമായി രാഹുൽ രംഗതത്തെത്തിയിരുന്നു. ദാനിയെക്കുറിച്ച് ഒറ്റ ചോദ്യം മാത്രമാണ് ഞാൻ ഉന്നയിച്ചത്. അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണ്? തെളിവു സഹിതമാണ് ഈ ചോദ്യം പാർലമെന്റിൽ ഉന്നയിച്ചത്.
അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്.ഈ ബന്ധം സഭയിൽ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും എന്നെ നിശബ്ദനാക്കാമെന്നു കരുതേണ്ട. മോദി – അദാനി ബന്ധം ഒരിക്കൽ പുറത്തുവരിക തന്നെ ചെയ്യും. അതിനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.’ – രാഹുൽ വ്യക്തമാക്കി.
‘അദാനി-മോദി ബന്ധം തെളിയിക്കാൻ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി കാണിച്ചു. എന്നാൽ പ്രസംഗം സഭാരേഖകളിൽനിന്ന് നീക്കുകയാണ് ചെയ്തത്. ഇതിനെതിരെ സ്പീക്കർക്ക് പലതവണ കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഞാൻ വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് മന്ത്രിമാർ പാർലമെന്റിൽ കള്ളം പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.
ഇന്ത്യയിൽ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് വാസ്തവമല്ലേ. അതിന്റെ തെളിവുകൾ ദൈനംദിനം നമുക്കു ലഭിക്കുന്നുമുണ്ട്’ – രാഹുൽ ചൂണ്ടിക്കാട്ടി. മാനനഷ്ടക്കേസിൽ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ആണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള നടപടി ഉണ്ടായത്. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷം തടവാണ് കോടതി വിധിച്ചത്.
അപ്പീൽ നൽകുന്നതിനായി 30 ദിവത്തെ ഇടക്കാല ജാമ്യവും കോടതി അനുവദിച്ചിരുന്നു. ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി.
വയനാട്ടിൽ നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുൽ ഗാന്ധി.ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വ്യാഴാഴ്ചയാണ് രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്.