തിരുവനന്തപുരം: മദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി ഉത്പാദകരും വിതരണക്കാരും മുന്‍കൂട്ടി അടക്കണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ബെവ്കോ. അബ്കാരി നിയമം അനുശാസിക്കുന്ന നടപടിയാണിത്. അതേസമയം പുതിയ ഉത്തരവ് ചെറുകിട കമ്പനികള്‍ക്ക് വലിയ ബാധ്യതയാകുമെന്ന് ഡിസ്റ്റലറീസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഫീസും ഉത്പാദകരും വിതരണക്കാരും മുന്‍കൂട്ടി അടക്കണമെന്ന് വ്യക്തമാക്കി ബിവറേജസ് കോര്‍പറേഷന്‍ എംഡി ഇറക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് വ്യക്തമായതോടെ വിവാദങ്ങൾ തുടരാനുള്ള സാധ്യതകളാണ് തെളിഞ്ഞിട്ടുള്ളത്.
അബ്കാരി നിയമം ചാപ്റ്റര്‍ 5, വകുപ്പ് 18 അനുസരിച്ച് എക്സൈസ് ഡ്യൂട്ടി കമ്പനികള്‍ മുന്‍കൂര്‍ അടക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, വര്‍ഷങ്ങളായി കമ്പനികള്‍ക്ക് പകരം ബെവ്കോ തന്നെയാണ് ഇത് മുന്‍കൂട്ടി അടച്ചിരുന്നത്. വര്‍ഷം 1,856 കോടി ഇതുമൂലം ബെവ്കോയ്ക്ക് ബാധ്യത വരുന്നുവെന്ന് എംഡി വ്യക്തമാക്കി. സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന ഈ നിലപാടിന് മാറ്റം വരുത്താനാണ് പുതിയ ഉത്തരവിറക്കിയതെന്ന് ബെവ്കോ വിശദീകരിച്ചു. തിങ്കളാഴ്ച മുതല്‍ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോേള്‍ മുന്‍കൂര്‍ ഡ്യൂട്ടി അടക്കണം.
അതേസമയം, പുതിയ ഉത്തരവ് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന ആക്ഷേപവുമായി വിതരണ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ടേണ്‍ ഓവർ ടാക്സും കമ്പനികളില്‍ നിന്ന് 21 ശതമാനം വരെ ക്യാഷ് ഡിസ്കൗണ്ടും ഈടാക്കുന്നുണ്ട്. ഏറ്റവും വില കുറഞ്ഞ ബ്രാന്‍ഡ് മദ്യത്തിന് ഒരു കേയ്സിന് എക്സൈസ് ഡ്യൂട്ടി 900 രൂപയോളം വരും. ഇത് കൂടി നല്‍കി കഴിഞ്ഞാല്‍ ചെറുകിട കമ്പനികള്‍ക്ക് ലാഭം തീരെയുണ്ടാകില്ലെന്നും സപ്ളൈ നിര്‍ത്തിവക്കേണ്ടിവരുമെന്നുമാണ് അവർ പറയുന്നത്.
സംസ്ഥാനത്തെ മദ്യവിതരണത്തിന്‍റെ 85 ശതമാനവും നിയന്ത്രിക്കുന്നത് പതിനഞ്ചോളം വന്‍കിട കമ്പനികളാണ്. ചെറുകിട കമ്പനികള്‍ കളമൊഴിഞ്ഞാല്‍ ഇവര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുമെന്നും ആക്ഷേപമുണ്ട്. എന്നാല്‍, വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനികള്‍ ബെവ്കോക്ക് നല്‍കേണ്ട ക്യാഷ് ഡീസ്കൗണ്ട് പുനക്രമീകരിക്കുമെന്നും, ഇതോടെ ചെറുകിട കമ്പനികൾക്ക് നഷ്ടമെന്ന പ്രശ്നം ഇല്ലാതാകുമെന്നും ബെവ്കോ വിശദീകരിക്കുന്നു. പുതിയ സാമ്പത്തിക വര്‍ഷം വരെ നിലവിലെ രീതി തുടരണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കാന്‍ മദ്യവിതരണ കമ്പനികള്‍ ഒരുങ്ങുകയാണ്.