2021 ലെ മികച്ച മലയാള ചിത്രങ്ങൾ; ഐ എം ഡി ബി ലിസ്റ്റ് പുറത്ത്
കൊച്ചി:2021 എന്ന വർഷം അവസാനിക്കുകയാണ്. ഈ വർഷത്തിലെ ഭൂരിഭാഗം മാസങ്ങളും കോവിഡ് പ്രതിസന്ധി കാരണം സിനിമയ്ക്കു നല്ലതായിരുന്നില്ല എങ്കിലും ഒറ്റിറ്റി വഴിയും ചുരുക്കം ചില തീയേറ്റർ റിലീസ് വഴിയും ഒരുപിടി മികച്ച ചിത്രങ്ങൾ നമ്മുടെ മുന്നിലെത്തി. ഈ വർഷം ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ മികച്ച റേറ്റിംഗ് നേടിയ ചിത്രങ്ങൾ ഏതൊക്കെയെന്ന ലിസ്റ്റ് ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ് പുറത്തു വിട്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ റേറ്റിംഗ് നേടി ഈ ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് മോഹൻലാൽ നായകനായ ദൃശ്യം 2 ആണ്. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ജീത്തു ജോസഫ് ചിത്രം ആഗോള തലത്തിൽ വരെ വമ്പൻ തരംഗമായി മാറി. 8.6 ആണ് ഈ ചിത്രത്തിന് ലഭിച്ച റേറ്റിംഗ് പോയിന്റ്. ഇതേ റേറ്റിംഗ് പോയിന്റ് ലഭിച്ച ടോവിനോ തോമസ്- ബേസിൽ ജോസഫ് ചിത്രമായ മിന്നൽ മുരളി ആണ് ഈ ലിസ്റ്റിലെ രണ്ടാം സ്ഥാനത്തു ഉള്ളത്. ദൃശ്യം 2 ആമസോൺ പ്രൈം റിലീസ് ആയിരുന്നു എങ്കിൽ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ ആണ് എത്തിയത്.
നവാഗതനായ ചിദംബരം ഒരുക്കിയ ബേസിൽ ജോസെഫ് ചിത്രം ജാനേമൻ മൂന്നാം സ്ഥാനത്തും ജിയോ ബേബി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നാലാം സ്ഥാനത്തുമാണ് എത്തിയത്. 8.5 ആണ് ജാനേമൻ നേടിയ റേറ്റിങ് എങ്കിൽ 8.3 ആണ് ദി ഗ്രേറ്റ് ഇന്ത്യ കിച്ചൻ നേടിയെടുത്തത്. ജാനേമൻ തീയേറ്ററിലും ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒടിട്ടിയിലുമാണ് റിലീസ് ചെയ്തത്. 8.2 റേറ്റിംഗ് പോയിന്റുകൾ നേടി ഓപ്പറേഷൻ ജാവ, മാലിക് എന്നിവ അഞ്ചും ആറും സ്ഥാനം നേടിയെടുത്തു. നവാഗതനായ തരുൺ മൂർത്തി ഒരുക്കിയ ഓപ്പറേഷൻ ജാവ തീയേറ്ററിലും മഹേഷ് നാരായണൻ ഒരുക്കിയ ഫഹദ് ഫാസിൽ ചിത്രം മാലിക് ആമസോൺ പ്രൈം റിലീസ് ആയുമാണ് വന്നത്. നായാട്ട്, ജോജി, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് ഏഴും എട്ടും ഒൻപതും സ്ഥാനം നേടിയ ചിത്രങ്ങൾ.
മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടു തീയേറ്റർ റിലീസ് ആയിരുന്നു എങ്കിൽ, ഫഹദ്- ദിലീഷ് പോത്തൻ ടീമിന്റെ ജോജി ആമസോൺ പ്രൈം റിലീസ് ആയും സെന്ന ഹെഗ്‌ഡെ എന്ന നവാഗതൻ ഒരുക്കിയ തിങ്കളാഴ്ച നിശ്ചയം സോണി ലൈവിലും ആണ് വന്നത്. സജിൻ ബാബു ഒരുക്കിയ ബിരിയാണി ആണ് ഈ ലിസ്റ്റിൽ പത്താം സ്ഥാനത്തു ഉള്ളത്. ഇത് കൂടാതെ കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ജോജു ജോർജ്- അഹമ്മദ് കബീർ ചിത്രം മധുരവും ഈ ലിസ്റ്റിൽ വൈകാതെ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുക്കുന്നത്. റോജിൻ തോമസ് ഒരുക്കിയ ഇന്ദ്രൻസ് ചിത്രം ഹോമും ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ മലയാള ചിത്രമാണ്. മധുരവും ഹോമും ഒറ്റിറ്റി റിലീസ് ആയാണ് എത്തിയത്.