FootballNationalSports

ISL:മുംബൈയെ സഡന്‍ ഡെത്തില്‍ കീഴടക്കി,ബെംഗലൂരു ഫൈനലില്‍

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ബെംഗളൂരു എഫ് സി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സിയെ കീഴടക്കിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഷൂട്ടൗട്ടില്‍ 9-8 എന്ന സ്‌കോറിനാണ് ബെംഗളൂരുവിന്റെ വിജയം. രണ്ടാംപാദ സെമിയില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് മുംബൈ മുന്നിലെത്തിയെങ്കിലും അഗ്രിഗേറ്റ് സ്‌കോര്‍(2-2) തുല്യമായിരുന്നു. ആദ്യപാദ സെമിയില്‍ ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച് കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചു. പിന്നാലെ മൂന്നു കിക്കുകള്‍ കൂടി വലയിലെത്തിച്ചു. എന്നാല്‍ മുംബൈയുടെ മെഹ്താബ് സിങ് എടുത്ത അടുത്ത കിക്ക് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് തട്ടിയകറ്റി. പിന്നാലെ ബെംഗളൂരുവിനായി സന്ദേശ് ജിംഗന്‍ കിക്ക് വലയിലെത്തിച്ചതോടെ ബെംഗളൂരു ഫൈനലിലേക്ക് മുന്നേറി. മുബൈയ്ക്ക് വേണ്ടി നിശ്ചിത സമയത്ത് ബിപിന്‍ സിങ്ങും മെഹ്താബ് സിങ്ങും ഗോളടിച്ചപ്പോള്‍ ഹാവി ഹെര്‍ണാണ്ടസ് ബെംഗളൂരുവിനായി വലകുലുക്കി.

മത്സരത്തിന്റെ തുടക്കം തൊട്ട് മുംബൈ ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. വിജയം മാത്രം ലക്ഷ്യം വെച്ചിറങ്ങിയ മുംബൈ എട്ടാം മിനിറ്റില്‍ തന്നെ ഒരു പെനാല്‍റ്റി നേടിയെടുത്തു. ബോക്‌സിനകത്തുവെച്ച് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ഓര്‍ഗെ ഡയസ്സിനെ വീഴ്ത്തിയതിനെത്തുടര്‍ന്നാണ് മുംബൈയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്.

എന്നാല്‍ കിക്കെടുത്ത സൂപ്പര്‍താരം ഗ്രെഗ് സ്റ്റ്യുവര്‍ട്ടിന് പിഴച്ചു. സ്റ്റ്യുവര്‍ട്ടിന്റെ കിക്ക് ഗുര്‍പ്രീത് തട്ടിയകറ്റി. റീബൗണ്ടായി വന്ന പന്ത് ചങ്‌തെ പിടിച്ചെടുത്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റാന്‍ നോക്കിയെങ്കിലും ആ ഷോട്ടും രക്ഷപ്പെടുത്തിക്കൊണ്ട് ഗുര്‍പ്രീത് ബെംഗളൂരുവിന്റെ രക്ഷകനായി.

എന്നാല്‍ മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ബെംഗളൂരു 22-ാം മിനിറ്റില്‍ വലകുലുക്കി. സൂപ്പര്‍ താരം ഹാവി ഹെര്‍ണാണ്ടസാണ് ബെംഗളൂരുവിനായി ലക്ഷ്യം കണ്ടത്. ശിവശക്തി നാരായണിന്റെ കിറുകൃത്യമായ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഹാവി വലയിലെത്തിച്ചു. ഇതോടെ ബെംഗളൂരു മത്സരത്തില്‍ പിടിമുറുക്കി. ഈ സീസണിലെ താരത്തിന്റെ ഏഴാം ഗോളാണിത്. ഗോള്‍ വഴങ്ങിയതോടെ ചുരുങ്ങിയത് മൂന്ന് ഗോളെങ്കിലും അടിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് വിജയിക്കാനാകൂ എന്ന അവസ്ഥവന്നു. ഇതോടെ ടീം ഒന്നടങ്കം ശക്തമായ ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ താരസമ്പന്നമായ ബെംഗളൂരു പ്രതിരോധം ഈ മുന്നേറ്റങ്ങളെയെല്ലാം സമര്‍ത്ഥമായി തന്നെ നേരിട്ടു.

എന്നാല്‍ ബെംഗളൂരുവിന്റെ ചിരിയ്ക്ക് അധികം ആയുസ്സുണ്ടായില്ല. 31-ാം മിനിറ്റില്‍ ബിപിന്‍ സിങ്ങിലൂടെ ബെംഗളൂരു ഒരു ഗോള്‍ തിരിച്ചുമടക്കി. ബോക്‌സിനകത്തുവെച്ച് റൗളിന്‍ ബോര്‍ജസ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തെങ്കിലും ഗുര്‍പ്രീത് അത് തട്ടിയകറ്റി. എന്നാല്‍ പന്ത് ചെന്നെത്തിയത് ബിപിന്റെ കാലിലാണ്. കിട്ടിയ അവസരം മുതലെടുത്ത ബിപിന്‍ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം പന്ത് തട്ടിയിട്ട് ടീമിന് സമനില സമ്മാനിച്ചു.

38-ാം മിനിറ്റില്‍ മുംബൈയുടെ വിഘ്‌നേഷിന്റെ ലോങ്‌റേഞ്ചര്‍ ബെംഗളൂരു ക്രോസ് ബാറിലിടിച്ച് തെറിച്ചു. 41-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഹാവി ഹെര്‍ണാണ്ടസിന് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഫുര്‍ബ ലാച്ചെന്‍പ തട്ടിയകറ്റി. വൈകാതെ ആവേശകരമായ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും മുംബൈ ആക്രമണം തുടര്‍ന്നു. തുടര്‍ച്ചയായി ആക്രമിച്ച് മുംബൈ ബെംഗളൂരുവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ബെംഗളൂരുവും ആക്രമണത്തിന് ഒട്ടും പിശുക്കുകാണിച്ചില്ല. കൗണ്ടര്‍ അറ്റാക്കിലൂടെ വിജയമുറപ്പിക്കാനായി ബെംഗളൂരു പരമാവധി ശ്രമിച്ചു. 57-ാം മിനിറ്റില്‍ മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ പന്തുമായി മുന്നേറിയ ബെംഗളൂരുവിന്റെ ശിവശക്തി ശിഥിലമായിക്കിടന്ന മുംബൈ പ്രതിരോധത്തിനിടയിലൂടെ ഹാവിയ്ക്ക് പാസ് നല്‍കി. എന്നാല്‍ പാസ് സ്വീകരിച്ച ഹാവി തുറന്ന അവസരം പാഴാക്കിക്കളഞ്ഞു. താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ലാച്ചെന്‍പ രക്ഷപ്പെടുത്തി.

65-ാം മിനിറ്റില്‍ ബിപിന്‍ സിങ്ങിന്റെ ഗോളെന്നുറിച്ച മികച്ച ഹെഡ്ഡര്‍ അത്ഭുതകരമായി ഗുര്‍പ്രീത് സിങ് തട്ടിയകറ്റി. എന്നാല്‍ തൊട്ടുപിന്നാലെ മുംബൈ മത്സരത്തിലെ രണ്ടാം ഗോളടിച്ചു. ഇത്തവണ മെഹ്താബ് സിങ്ങാണ് മുംബൈയ്ക്ക് വേണ്ടി വലകുലുക്കിയത്. പ്രതിരോധതാരമായ മെഹ്താബ് കോര്‍ണര്‍ കിക്കിലൂടെ വന്ന പന്ത് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഇതോടെ മത്സരത്തില്‍ മുംബൈ 2-1 ന് മുന്നിലെത്തുകയും ഇരുപാദങ്ങളിലുമായി ബെംഗളൂരുവിനോട് സമനില നേടുകയും ചെയ്തു.

തൊട്ടുപിന്നാലെ 69-ാം മിനിറ്റില്‍ ഹാവിയുടെ ഗോളെന്നുറച്ച ഗ്രൗണ്ടര്‍ അവിശ്വസനീയമായി മുംബൈ ഗോള്‍കീപ്പര്‍ ലാച്ചെന്‍പ തട്ടിയകറ്റി. 86-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ റോയ് കൃഷ്ണയ്ക്ക് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വൈകാതെ നിശ്ചിത സമയം മത്സരം സമനിലയില്‍ കലാശിക്കുകയും എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയും ചെയ്തു.

എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും മുന്നേറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ബെംഗളൂരു എഫ്‌സി പലതവണ ഗോളിനടുത്തെത്തി. എന്നാല്‍ ഗോള്‍കീപ്പര്‍ ലാച്ചെന്‍പയുടെ തകര്‍പ്പന്‍ സേവുകള്‍ മുംബൈയുടെ രക്ഷക്കെത്തി. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ മുംബൈയാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. എക്‌സ്ട്രാ ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍നേടാനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച് കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചു. പിന്നാലെ മൂന്നു കിക്കുകള്‍ കൂടി വലയിലെത്തിച്ചു. എന്നാല്‍ മുംബൈയുടെ മെഹ്താബ് സിങ് എടുത്ത അടുത്ത കിക്ക് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് തട്ടിയകറ്റി. പിന്നാലെ ബെംഗളൂരുവിനായി സന്ദേശ് ജിംഗന്‍ കിക്ക് വലയിലെത്തിച്ചതോടെ ബെംഗളൂരു ഫൈനലിലേക്ക് മുന്നേറി. എടികെ മോഹന്‍ ബഗാനും ഹൈദരാബാദും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ ബെംഗളൂരുവിനെ നേരിടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker