NationalNews

ലൈഗികപീഡനപരാതി: പോലീസുമായി ആശയവിനിമയം നടത്തരുതെന്ന് ജീവനക്കാർക്ക് ബംഗാൾ ഗവർണറുടെ നിർദേശം

കൊല്‍ക്കത്ത: താത്കാലിക ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്ന് ജീവനക്കാരോട് നിർദേശിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്. പോലീസുമായി യാതൊരു തരത്തിലുള്ള ആശയവിനിമയവും പാടില്ലെന്ന് രാജ്ഭവനിലെ ജീവനക്കാര്‍ക്ക് ഗവർണർ നിര്‍ദേശം നല്‍കി. ഗവര്‍ണര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കൊല്‍ക്കത്ത പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

രാജ്ഭവന്‍ ഔദ്യോഗികമായാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസുമായി ആശയവിനിമയം നടത്തുന്നതില്‍നിന്ന് രാജ്ഭവനിലെ എല്ലാ ജീവനക്കാരേയും വിലക്കിക്കൊണ്ടുള്ളതാണ് നിര്‍ദേശം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വഴിയോ നേരിട്ടോ ഫോണിലൂടേയോ മറ്റേതെങ്കിലും വഴിയിലൂടേയോ ഒരു പരാമര്‍ശവും നടത്താന്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കുന്ന പ്രത്യേക പരിരക്ഷയെ സംബന്ധിച്ചും നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗവര്‍ണര്‍മാര്‍ക്ക് അവരുടെ പദവിയിലിരിക്കുന്ന സമയത്ത് സംസ്ഥാനപോലീസിന്റെ അന്വേഷണങ്ങളില്‍ നിന്നും മറ്റു നിയമനടപടികളില്‍ നിന്നും പരിരക്ഷ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 361(2),(3) എന്നിവയാണ് പരാമർശിച്ചിരിക്കുന്നത്.

സാക്ഷികളുമായി സംസാരിക്കാനും പരാതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനുമുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് പ്രത്യേക അന്വേഷണ സംഘം. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഭവന്‍ സന്ദര്‍ശിക്കാനിരിക്കേയാണ് ഗവര്‍ണര്‍ക്കെതിരായ ആരോപണം. ഞായറാഴ്ച ഉച്ചയ്ക്ക് ഗവര്‍ണറുടെ വസതിയ്ക്ക് സമീപമുള്ള പോലീസ് പോസ്റ്റിലെത്തിയാണ് യുവതി ഗവര്‍ണര്‍ക്കെതിരേ പരാതി ഉന്നയിച്ചത്. ആരോപണം നിഷേധിച്ച ഗവര്‍ണര്‍ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടെന്നും പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker