ആലപ്പുഴ:ഓണക്കാലത്ത് സുരക്ഷ ഒരുക്കി പൊലീസും മോട്ടോർ വാഹന വകുപ്പും ജില്ലയിൽ വാഹന പരിശോധന കടുപ്പിച്ചു. അമിത വേഗം, ഹെൽമെറ്റ്, ലൈസൻസ്, സീറ്റ് ബെൽറ്റ്, ഇൻഷ്വറൻസ്, ടാക്‌സ്, പെർമിറ്റ് എന്നിവയ്ക്കാണ് പിഴ ചുമത്തുന്നത്. മുൻ വർഷത്തേക്കാൾ അപകടനിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. പൊലീസ് എല്ലാ സ്റ്റേഷൻ പരിധിയിലും മൂന്നിലധികം സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. ഹൈവേ പൊലീസ് ദേശീയപാതയിലും ഗ്രാമീണ റോഡുകളിലും പരിശോധന ശക്തമാക്കി. പൊലീസ് ഇന്റർ സെപ്ടർ വാഹനങ്ങളും വാഹന പരിശോധനക്ക് സജ്ജമായി.
മോട്ടോർ വാഹന വകുപ്പിന്റെ 11സ്ക്വാഡുകളാണ് ജില്ലയിൽ അവധി ദിവസങ്ങളിലും പരിശോധന നടത്തുന്നത്. ജോയിന്റ് ആർ.ടി.ഒമാരും എൻഫോഴ്സ്മെന്റുമാണ് രംഗത്തുള്ളത്. എൻഫോഴ്സ്മെന്റിന്റെ അഞ്ചുമാസത്തെ അവലോകനത്തിൽ പിഴ ചുമത്തുന്നതിൽ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴ. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ആഗസ്റ്റ് 31വരെ വാഹന പരിശോധനയിൽ 1798 കേസുകളിലായി ഒന്നരക്കോടിയോളം രൂപ പിഴ ഈടാക്കിയാണ് ജില്ല സ്ഥാനത്ത് എത്തിയത്. ഓണക്കാലത്ത് അവധിയില്ലാതെതന്നെ ടീമുകൾ പരിശോധനയിൽ സജീവമാകും.
വ്യാജ നമ്പർ പ്‌ളേറ്റുകൾ ഉപയോഗിച്ച് ബൈക്കുകളിൽ പായുന്ന യുവാക്കളാണ് കുടുങ്ങുന്നവരിൽ കൂടുതലും. വ്യാജ നമ്പർ പ്ലേറ്റുകളും നിയമാനുസൃതമല്ലാതെ ഫാൻസി സ്റ്റിക്കർ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെയും നടപടി കർശനമാക്കിയിട്ടുണ്ട്. ജില്ലയിൽ ഒരു ആർ.ടി.ഒ ഓഫീസും ആറ് സബ് ആർ.ടി ഓഫീസുകളുമാണുള്ളത്. പുറമേ ആറ് സ്‌ക്വാഡും അത്രയും തന്നെ എൻഫോഴ്‌സ്‌മെന്റ് വിഭാഗവുമുണ്ട്.