മുംബൈ: ജിയോ സിനിമയില്‍ സ്ട്രീം ചെയ്യുന്ന ബിഗ് ബോസ് ഒടിടി 3 റിയാലിറ്റി ഷോയ്ക്കെതിരെ മഹാരാഷ്ട്ര ഭരണകക്ഷിയായ ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം. ഷോയ്ക്കും അതിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ശിവസേനയുടെ മുതിർന്ന എംഎൽഎ മനീഷ കയാണ്ഡെ തിങ്കളാഴ്ച മുംബൈ പോലീസില്‍ പരാതി നല്‍കി.
റിയാലിറ്റി ടിവി ഷോ അശ്ലീലമാണ് കാണിക്കുന്നതെന്നും. ഇത് ഉടന്‍ നിര്‍ത്തണമെന്നും കമ്മീഷണർ വിവേക് ഫൻസാൽക്കറിന് നേരിട്ട് സമര്‍പ്പിച്ച പരാതിയില്‍ ശിവസേന എംഎല്‍എ ആവശ്യപ്പെട്ടു.
“ബിഗ് ബോസ് ഒടിടി 3 ഒരു റിയാലിറ്റി ഷോയാണ്. ഷൂട്ടിംഗ് നടക്കുകയാണ്. അതില്‍ അതിരുകള്‍ ലംഘിക്കുന്ന അശ്ലീലതയാണ് കാണിക്കുന്നത്.അതിന്‍റെ ഷൂട്ട് തുടരുകയാണ്. ഇപ്പോൾ അശ്ലീലതയുടെ എല്ലാ പരിധികളും അത് ലംഘിച്ചിരിക്കുകയാണ്. കാണിക്കുന്ന ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്.
ഇപ്പോൾ, ഞങ്ങൾ മുംബൈ പോലീസിനോട് നടപടിയെടുക്കാൻ അഭ്യർത്ഥിക്കുകയും അവർക്ക് പരാതി നൽകുകയും ചെയ്തു. റിയാലിറ്റി ഷോകളുടെ പേരില്‍ ഈ അശ്ലീല കാഴ്ചകള്‍ പരസ്യമായി കാണിക്കുന്നത് എത്രത്തോളം ശരിയാണ്. അത് യുവമനസ്സുകളെ എങ്ങനെ സ്വാധീനിക്കുന്നു?” എന്നും വനിത എംഎല്‍എ പരാതി കൈമാറിയ ശേഷം മാധ്യമങ്ങളോട് ചോദിച്ചു.
ജൂലൈ 18 ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ബിഗ് ബോസ് മത്സരാര്‍ത്ഥികളായ കൃതിക മാലിക്കിന്‍റെയും അർമാൻ മാലിക്കിന്‍റെയും കിടപ്പറ രംഗങ്ങള്‍ കാണിച്ചുവെന്ന് മഹാരാഷ്ട്ര ഭരണകക്ഷി ശിവസേന നേതാവ് പറഞ്ഞു.
“മനുഷ്യബന്ധങ്ങളുടെയും സാമൂഹിക മാനദണ്ഡങ്ങളുടെയും എല്ലാ അതിരുകളും ഈ ദമ്പതികൾ അനുസരിച്ചില്ല. കുട്ടികൾ പോലും ഷോ കാണുകയും അത് അവരെ സ്വാധീനിക്കുകയും ചെയ്യുന്നു. ബിഗ് ബോസ് ഇനി ഒരു ഫാമിലി ഷോ അല്ല. അർമാൻ മാലിക്കും കൃതിക മാലിക്കും എല്ലാ പരിധികളും ലംഘിച്ചു. അഭിനേതാക്കളെയും ഷോയുടെ സിഇഒയെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്” മുതിർന്ന എംഎൽഎ മനീഷ കയാണ്ഡെ പറഞ്ഞു.