30.6 C
Kottayam
Tuesday, May 14, 2024

ജംഷദ്പൂരിനെ കീഴടക്കി; ബെംഗളൂരു എഫ്സി സൂപ്പർ കപ്പ് ഫൈനലിൽ

Must read

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിനു പിന്നാലെ സൂപ്പര്‍ കപ്പിലും ബെംഗളൂരു എഫ്സി ഫൈനലില്‍. വെള്ളിയാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ ജംഷേദ്പുര്‍ എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരു കലാശപ്പോരിന് ടിക്കറ്റ് ഉറപ്പിച്ചത്.

ജയേഷ് റാണെയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്. ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഒഡിഷ- നോര്‍ത്ത് ഈസ്റ്റ് മത്സര വിജയികളാകും ഫൈനലില്‍ ബെംഗളൂരുവിന്റെ എതിരാളികള്‍.

മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ജംഷേദ്പുരിന് തിരിച്ചടിയായത്. ജംഷേദ്പുരിന്റെ ഗോളെന്നുറച്ച രണ്ടിലേറെ അവസരങ്ങളാണ് ഗുര്‍പ്രീത് രക്ഷപ്പെടുത്തിയത്.

ജംഷേദ്പുരിന്റെ തകര്‍പ്പന്‍ കളികണ്ട ആദ്യ പകുതിയില്‍ ബെംഗളൂരു മികച്ച മുന്നേറ്റങ്ങളൊരുക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് കാണാനായത്. കളിതുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ബെംഗളൂരുവിന്റെ പ്രതിരോധപ്പിഴവില്‍ ജംഷേദ്പുര്‍ മുന്നിലെത്തേണ്ടതായിരുന്നു.

ബോക്സിന് പുറത്തുനിന്ന് ജയ് ആസ്റ്റണ്‍ ഇമ്മാനുവല്‍ തോമസ് അടിച്ച പന്ത് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, റീബൗണ്ട് വന്ന പന്തില്‍ ഡാനിയല്‍ ചിമയ്ക്ക് അവസരം ലഭിച്ചു. പക്ഷേ ചിമ പന്ത് ടാപ് ചെയ്യും മുമ്പ് ഗുര്‍പ്രീത് വീണ്ടും രക്ഷയ്ക്കെത്തിയതോടെ ബെംഗളൂരു ഗോള്‍വഴങ്ങാതെ രക്ഷപ്പെട്ടു.

പിന്നാലെ 16-ാം മിനിറ്റിലും ജംഷേദ്പുരിന് മികച്ചൊരു അവസരമെത്തി. പന്തുമായി ബെംഗളൂരു ബോക്സിനകത്തേക്ക് കയറി ഇമ്മാനുവല്‍ തോമസ് നല്‍കിയ പാസ് ബോറിസ് സിങ് ടാപ് ചെയ്ത് വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇത്തവണയും ഗുര്‍പ്രീതിന്റെ കൃത്യസമയത്തെ ഇടപെടല്‍ ബെംഗളൂരുവിനെ രക്ഷിച്ചു.

ഒടുവില്‍ 21-ാം മിനിറ്റിലാണ് ബെംഗളൂരുവിന് ഒരു ഷോട്ട് പോസ്റ്റിലേക്ക് അടിക്കാനായത്. 23-ാം മിനിറ്റില്‍ ബെംഗളൂരു മറ്റൊരു അവസരം സൃഷ്ടിച്ചു. ഉദാന്ത സിങ്ങിന്റെ പാസില്‍ നിന്നുള്ള ഛേത്രിയുടെ ഷോട്ട് പക്ഷേ എലി സാബിയ കൃത്യമായി പ്രതിരോധിക്കുകയായിരുന്നു. പിന്നാലെ 31-ാം മിനിറ്റില്‍ പരിക്കേറ്റ് മിഡ്ഫീല്‍ഡര്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായി.

37-ാം മിനിറ്റില്‍ ജംഷേദ്പുരിന് മറ്റൊരു അവസരം ലഭിച്ചു. എന്നാല്‍ റാഫേല്‍ ക്രിവെല്ലാരോയുടെ ഷോട്ട് വലത് പോസ്റ്റിന് ഇഞ്ചുകളുടെ വ്യത്യസത്തില്‍ പുറത്തേക്ക് പോകുകയായിരുന്നു.

ഒടുവില്‍ 67-ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി ബെംഗളൂരു മുന്നിലെത്തി. പോസ്റ്റിന്റെ വലത് ഭാഗത്തു നിന്ന് ശിവശക്തി ചിപ് ചെയ്ത് കൊടുത്ത പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ജംഷേദ്പുര്‍ താരത്തിന്റെ തലയില്‍ തട്ടി ഉയര്‍ന്ന് ജയേഷ് റാണെയുടെ നേര്‍ക്ക്. റാണെയുടെ ഹെഡര്‍ രഹനേഷിന് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ വലത് മൂലയില്‍.

71-ാം മിനിറ്റില്‍ ബെംഗളൂരുവിന് രണ്ടാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചു. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പക്ഷേ റോയ് കൃഷ്ണയ്ക്ക് പന്ത് വലയിലെത്തിക്കാനായില്ല. ടിപി രഹനേഷിന്റെ കൃത്യമായ ഇടപെടല്‍ ജംഷേദ്പുരിനെ രണ്ടാം ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചു.

പിന്നാലെ 83-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ ബെംഗളൂരു ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കി. ശിവശക്തിയുടെ പാസില്‍ നിന്നുള്ള റോയ് കൃഷ്ണയുടെ ഷോട്ട് രഹനേഷ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. പക്ഷേ, റീ ബൗണ്ട് വന്ന പന്ത് കൃഷ്ണ ഹെഡ് ചെയ്ത് നല്‍കിയത് വലയിലെത്തിച്ച സുനില്‍ ഛേത്രി ബെംഗളൂരുവിന്റെ ലീഡുയര്‍ത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week