‘സന്തോഷത്തോടെ ഇരിക്കൂ’ അമ്മ തയ്യാറാക്കിയ ഭക്ഷണപായ്ക്കറ്റുകളില്‍ എഴുതി കൊച്ചുകുരുന്ന്; വയറിനൊപ്പം മനസും നിറച്ചുവെന്ന് പ്രതികരണം
കൊവിഡ് മഹാമാരിക്കിടെ വീണ്ടും ദുരിതം വിതച്ച് മഴയും ചുഴലിക്കാറ്റും കൂടി എത്തിയതോടെ രാജ്യം വല്ലാത്ത സഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ മനസ് നിറയ്ക്കുന്ന സംഭവങ്ങളും കുറവല്ല. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം എല്ലാവര്‍ക്കും ആശ്വാസം പകരുന്നതാണ്.
ആളുകളുടെ കൈകളിലേക്ക് എത്തുന്ന ഭക്ഷണപായ്ക്കറ്റുകളില്‍ കൊച്ചുകുട്ടി എഴുതിയ വാക്കാണ് ഹൃദയം നിറയ്ക്കുന്നത്. ‘ഖുഷ് രഹിയേ’. അതെ, സന്തോഷത്തോടെ ഇരിക്കൂ എന്നുതന്നെ. കൊവിഡ് രോഗികള്‍ക്ക് നല്‍കാനായി കുട്ടിയുടെ അമ്മ തയ്യാറാക്കിയ ഭക്ഷണപായ്ക്കറ്റുകളിലാണ് അവന്‍ സ്നേഹത്തോടെ കുറിച്ചത്.
‘ദുരിതം നിറഞ്ഞ സമയത്ത് ഒരു ഡോക്ടറെപ്പോലെയാണ് ഈ കുട്ടി. അവന് എപ്പോഴും സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയട്ടെ.’ എന്നും ‘ഇതുപോലുള്ള കുട്ടികളെ കാണുമ്പോള്‍ നാളെയുടെ ഭാവി നല്ല കൈകളിലാകുമെന്ന പ്രതീക്ഷയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് പലരുടെയും അഭിപ്രായം.