ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളില്‍ ആദായ നികുതിയുടെ സര്‍വേ നടപടികള്‍ രണ്ടാം ദിവസവും തുടരുന്നതിനിടെ ന്യൂഡല്‍ഹി ഓഫീസിന് മുന്നില്‍ ഹിന്ദുസേനാ പ്രവർത്തകരുടെ പ്രതിഷേധം. തുടര്‍ന്ന് ബിബിസി ഓഫീസിന് പുറത്തെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ബിബിസിയോട് രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബുധനാഴ്ച ഹിന്ദുസേനാ പ്രവർത്തകരുടെ പ്രതിഷേധം.
പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഓഫീസിനുപുറത്ത് ഇന്‍ഡോ-ടിബെറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) ജവാന്മാരെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്. പ്രതിഷേധവുമായെത്തിയവരുടെ കൈയ്യില്‍ നിന്ന് ബാനറുകളും പ്ലക്കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു.
റെയ്ഡ് തുടരുന്ന സാഹചര്യത്തില്‍ മാധ്യമപ്രവർത്തകർ ഒഴികെയുള്ള ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാന്‍ ബിബിസി നിര്‍ദേശം നല്‍കിയിരുന്നു. റെയ്ഡുമായി സഹകരിക്കാനും അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.
വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാം. എന്നാല്‍ ശമ്പളവുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കണമെന്നാണ് ബിബിസി ഇ-മെയില്‍ വഴി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.
‘ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി ബി.ബി.സി. സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ റെയ്ഡല്ല സര്‍വേയാണ് ബി.ബി.സി.യില്‍ നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ നിലപാട്.
ജീവനക്കാരുടെ പിടിച്ചെടുത്ത ഫോണുകള്‍ തിരികെ നല്‍കുമെന്നും അവര്‍ അറിയിച്ചു. ആദായ നികുതി വകുപ്പ് 131 എ സെക്ഷന്‍ പ്രകാരമുള്ള സര്‍വേയാണ് നടത്തുന്നതെന്നാണ് വിശദീകരണം.