‘വീട്ടിലെ വാഷിങ് മെഷീൻ കേടായപ്പോൾ അച്ഛൻ നോക്കിയ നോട്ടം’! തബലയും ഹാർമോണിയവും കടം വാങ്ങി കഥാപ്രസംഗം; ജീവിതം പറഞ്ഞു ബേസിൽ ജോസഫ്!
കൊച്ചി:അഭിനയമായാലും സംവിധാനമായാലും കൈവയ്ക്കുന്ന മേഖലകളിലൊക്കെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നൊരാൾ ആണ് ബേസിൽ ജോസഫ്. തൊട്ടതൊക്കെയും പൊന്നാക്കുന്ന ഒരു അനുഗ്രഹീത കലാകാരൻ എന്ന് തന്നെയാണ് ബേസിലിനെ സിനിമാ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. പങ്കെടുക്കുന്ന അഭിമുഖങ്ങളിലും പൊതുപരിപാടികളിലും താരജാഡകൾ ഒന്നുമില്ലാതെ പച്ചയായ ഒരു മനുഷ്യനായി എല്ലാം തുറന്നു സംസാരിക്കാറുണ്ട് എന്നതും ബേസിലിന്റെ ഒരു പ്രത്യേകതയാണ്. അത്തരത്തിൽ ബേസിലിന്റെ ഒരു പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ബേസിൽ നടത്തിയ പ്രസംഗമാണ് വൈറൽ ആവുന്നത്.
“എനിക്ക് മുൻപ് പ്രസംഗിക്കാൻ വരുന്ന ആൾ പറയും ഞാൻ എന്റെ വാക്കുകൾ വലിച്ചു നീട്ടുന്നില്ല. നിങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന ബേസിലിനെ ക്ഷണിക്കാം എന്ന്. അത് കേൾക്കുമ്പോൾ ഞാൻ നെഞ്ചിൽ കൈ വച്ച് അമ്മേ ഞാൻ എന്ത് പറയാൻ ആണെന്ന് ആലോചിക്കും. ഇവിടെ വരുന്ന പാട്ടുപാടാൻ അറിയുന്നവർക്ക് പാട്ടുപാടാം, ഡാൻസ് ചെയ്യാൻ അറിയുന്നവർക്ക് ഡാൻസും ചെയ്യാം. ഞാനൊക്കെയാണ് പെട്ട് പോകുന്നത്. എനിക്കൊക്കെ സംസാരിക്കാൻ മാത്രമേ അറിയൂ.
ക്ലാസ് റൂമിൽ പഠിച്ചത് ഒന്നും എനിക്ക് ഓർമ്മയില്ല. ഇലക്ട്രിക്കൽ എൻജിനീയറിങ് ആണ് ഞാൻ പഠിച്ചത്. ആ കാലഘട്ടത്തിൽ വീട്ടിലെ വാഷിങ് മെഷീൻ കേടായപ്പോൾ അച്ഛൻ എന്നെ നോക്കിയ നോട്ടമൊക്കെ ഇന്നും എനിക്കോർമ്മയുണ്ട്. അപ്പുറത്തെ ഇലക്ട്രീഷ്യനെ വിളിച്ചു വരുത്തിയാണ് ഞാൻ അത് ശരിയാക്കിയത്. ഇലക്ട്രിക്കൽ എൻജിനീയറിങ് എന്ന് പറഞ്ഞാൽ വാഷിങ് മെഷീൻ ശരിയാക്കൽ ഒന്നും അല്ല, ഞങ്ങൾ വേറെ ലെവൽ കളികൾ ആണെന്നൊക്കെ പറഞ്ഞു ഞാൻ അന്ന് ഒഴിവായതാണ്. ഒരു എൻജിനീയർ എന്ന നിലയിൽ ഞാൻ വളരെ വലിയ പരാജയം ആയിരുന്നു.
പക്ഷെ ആ കോളേജിൽ നിന്നും എനിക്ക് ലഭിച്ച ഇൻഫ്ലുവൻസുകളും ഓർമ്മകളുമൊക്കെയാണ് പിന്നീട് എന്നെ ഏതെങ്കിലും രീതിയിൽ ഇന്നുള്ള ഞാൻ ആക്കിയത്. പഠിത്തം പ്രധാനമല്ല എന്ന് ഞാൻ പറയില്ല, മിനിമം വിദ്യാഭ്യാസം ഇല്ലാതെ ഒരാൾക്കും എവിടെയും ഷൈൻ ചെയ്യാൻ പറ്റില്ല. തലേദിവസം പഠിച്ച് പിറ്റേദിവസം പരീക്ഷയെഴുതുന്ന ഒരു എൻജിനീയറിങ് സ്റ്റുഡന്റിനു ലോകം ഇടിഞ്ഞു വീണാലും പിടിച്ചു നില്ക്കാൻ ഉള്ള കഴിവ് ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതൊക്കെ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യങ്ങളിൽ എന്നെയും സഹായിച്ചിട്ടുണ്ട്.
ഞാൻ ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്ന സമയത്ത് വേറെ കോളേജുകൾ പങ്കെടുക്കുന്ന ഓരോ പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടി എന്റെ ടീമിനെയും കൊണ്ട് പോകും. അവിടെ എത്തുമ്പോൾ ആയിരിക്കും ആ പ്രോഗ്രാമിന്റെ ആൾക്കാര് ചോദിക്കും കഥാപ്രസംഗത്തിനു നിങ്ങളുടെ കോളേജ് പങ്കെടുക്കുന്നുണ്ടോ എന്ന്. അപ്പൊ ഞാൻ ആദ്യം ചോദിക്കുന്നത്, ഇതുവരെ എത്ര ടീം പേര് തന്നിട്ടുണ്ട് എന്നാണ്. രണ്ടെന്നാണ് അവരുടെ മറുപടി എങ്കിൽ ഞാൻ എന്റെ പേര് കൊടുക്കും.
എന്നിട്ട് ആദ്യം പെർഫോം ചെയ്യുന്ന ടീമിന്റെ കയ്യിന്നു ഹാർമോണിയവും തബലയും ഒക്കെ കാലുപിടിച്ചു വാങ്ങി ഞങ്ങൾ സ്റ്റേജിൽ കയറും എന്നിട്ട് കഥ പറയും. ഒരു ട്രെയിനിലേക്ക് ഓടി കയറുന്ന നമ്മുടെ നായകന്റെ മുന്നിൽ ഇരിക്കുകയാണ് നമ്മുടെ നായിക. അവളെ കണ്ടതും അവൻ പാടിത്തുടങ്ങി നെഞ്ചുക്കുൾ പെയ്തിടും മാമഴൈ എന്ന്. ഞാൻ ഒരു തേർഡ് പ്രൈസ് ഒക്കെ പ്രതീക്ഷിച്ചാണ് ഈ കഥ പറഞ്ഞത് അവർ പക്ഷെ ഞങ്ങളെ ഡിസ്‌കോളിഫൈ ചെയ്തു.
പിന്നെ ടാബ്ലോയ്ക്ക് ഇതുപോലെ രണ്ടു ടീം ഉണ്ടെന്നു അറിഞ്ഞിട്ട് അവിടെയും പേര് കൊടുത്തു. ഞങ്ങളുടെ കോളേജിലെ ഡാൻസ് ടീം വളരെ അടിപൊളി ആയിരുന്നു. എല്ലാ പരിപാടിയ്ക്കും ഫസ്റ്റ് അടിക്കുന്ന പിള്ളേർ ആണ്. അവർ വരുന്നത് കുറെ പ്രോപ്പർട്ടീസുമൊക്കെ ആയിട്ടാണ്. അവരുടെ ഡാൻസിന്റെ തീം ദശാവതാരം ആണ്. കുറെ സാധനങ്ങൾ ഉണ്ട് അവരുടെ കയ്യിൽ. ടാബ്ലോ അറിയാല്ലോ എല്ലാവരും സ്റ്റേജിൽ അനങ്ങാതെ നിൽക്കണം. ഡാൻസ് ടീമിനെ അവരുടെ സാധനങ്ങൾ ഉൾപ്പെടെ വിളിച്ചു സ്റ്റേജിൽ കൊണ്ട് നിർത്തി. മൊത്തം പത്തുപേർക്കാണ് അതിൽ പങ്കെടുക്കാൻ പറ്റുന്നത്, അതിൽ തന്നെ ഒരാൾ ബാക്കിൽ നിന്ന് അത് എന്താണെന്ന് വിശദീകരിക്കേം വേണം.
ആകെ പെട്ടുപോയി, ദശാവതാരം എന്ന് പറയുമ്പോ പത്തുപേർ സ്റ്റേജിൽ തന്നെ നിൽക്കണ്ടേ. അവസാനം ഒൻപത് അവതാരത്തെ സ്റ്റേജിൽ നിർത്തി എന്നിട്ട് ബാക്കിൽ നിന്ന് കുറെ ഡയലോഗ് പറഞ്ഞു. അധികാരത്തിനും പണത്തിനും അടിമകളായി ഹിംസ്ര ജന്തുക്കൾ ഇരയെ കണ്ടെത്തുന്ന ഇതുപോലെ ഒരു ലോകത്ത് ജീവിക്കുമ്പോൾ കൽക്കിയുടെ അവതാരം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന് ആയിരുന്നു പറഞ്ഞ ഡയലോഗ്. അവർ പുറത്താകും എന്നാണ് ഞാൻ വിചാരിച്ചത്. ഈ സാധനങ്ങൾ ഒക്കെ കണ്ടപ്പോൾ ഞങ്ങൾ കുറെ കഷ്ടപ്പെട്ട് വന്നതല്ലേ എന്ന് കരുതി അവർ ഞങ്ങൾക്ക് മൂന്നാം സ്ഥാനം തന്നു” – ബേസിൽ ജോസഫ് പറയുന്നു.