CricketNewsSports

അസ്ഹറുദ്ദീൻ നേടിയ സെഞ്ചുറിയ്ക്കും രക്ഷിയ്ക്കാനായില്ല; ബറോഡയുടെ റണ്‍മലയ്ക്കു മുന്നില്‍ കേരളം വീണു

ഹൈദരാബാദ്: മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ സെഞ്ചറിയും ബറോഡയ്ക്കെതിരെ കേരളത്തിനു രക്ഷയായില്ല. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിനു തോൽവി.  62 റൺസ് വിജയമാണ് ബറോഡ സ്വന്തമാക്കിയത്. ബറോഡ ഉയര്‍ത്തിയ 404 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 341 റൺസിനു പുറത്തായി. 59 പന്തുകള്‍ നേരിട്ട മുഹമ്മദ് അസ്ഹറുദ്ദീൻ 104 റൺസെടുത്തെങ്കിലും കേരളത്തിന്റെ തോല്‍വിയെ തടയാൻ സാധിച്ചില്ല. ഏഴു സിക്സുകളും എട്ടു ഫോറുകളുമാണ് അസ്ഹറുദ്ദീൻ ബൗണ്ടറി കടത്തിയത്.

മത്സരത്തിൽ ടോസ് നേടിയ കേരളം ബറോഡയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പക്ഷേ ഈ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു ബറോഡയുടെ ബാറ്റിങ്. 10 റൺസെടുത്ത ഓപ്പണര്‍ ശാശ്വത് റാവത്തിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും പിന്നീട് ബറോഡ സ്കോർ കുതിച്ചുയരുകയായിരുന്നു. ഓപ്പണർ നിനദ് രഥ്‍വ സെഞ്ചറി നേടി.

99 പന്തുകളിൽ നിന്ന് 136 റൺസാണ് ബറോഡ ബാറ്റർ അടിച്ചത്. ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയും (54 പന്തിൽ 80), പാർഥ് കോലിയും (87 പന്തിൽ 72) അർധ സെഞ്ചറി തികച്ചു. വിഷ്ണു സോളങ്കി (46), ഭാനു പനിയ (37) എന്നിവരും തിളങ്ങിയതോടെ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ബറോഡ ഉയര്‍ത്തിയത് 403 റൺസ്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാർ കേരളത്തിനായി 113 റൺസ് കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. രോഹൻ എസ്. കുന്നുമ്മൽ 50 പന്തിൽ 65 റൺസും അഹമ്മദ് ഇമ്രാൻ 52 പന്തിൽ 51 റൺസുമെടുത്തു പുറത്തായി. ഇരുവരും മടങ്ങിയതിനു ശേഷം വന്ന കേരള ബാറ്റർമാരിൽ മുഹമ്മദ് അസ്ഹറുദ്ദീന്‍ മാത്രമായിരുന്നു തിളങ്ങിയത്.

ഷോൺ റോജർ (27), ഷറഫുദ്ദീൻ (21), ക്യാപ്റ്റൻ സൽമാൻ നിസാർ (19) എന്നിവര്‍ക്ക് വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കാതിരുന്നത് കേരളത്തിനു തിരിച്ചടിയായി. ജലജ് സക്സേന നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. 45.5 ഓവറിൽ 341 റൺസെടുക്കാൻ മാത്രമാണു കേരളത്തിനു സാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker