FootballNewsSports

മെസ്സി വീണ്ടും ബാഴ്‌സയിലേക്ക്? തിരികെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി വൈസ് പ്രസിഡന്റ്

ബാഴ്‌സലോണ: പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ബാഴ്‌സലോണയിലേക്ക് തിരികെയെത്തിക്കാന്‍ കറ്റാലന്‍ ക്ലബ്ബ് ശ്രമം തുടങ്ങി. മെസ്സിയെ ബാഴ്‌സലോണയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് റാഫ യുസ്‌തെ വ്യക്തമാക്കി. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ ജൂണില്‍ അവസാനിക്കുന്നത് മുന്നില്‍ക്കണ്ടാണ് സ്പാനിഷ് വമ്പന്മാരുടെ നീക്കം.

‘ലയണല്‍ മെസ്സിയുടെ അടുത്ത വൃത്തങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഞാന്‍ ഇഷ്ടപ്പെടുന്നു. രണ്ടു വര്‍ഷം മുമ്പുള്ള മെസ്സിയുടെ കൂടുമാറ്റത്തില്‍ ഞാനും പങ്കാളിയായിരുന്നു. മെസ്സിയുടെ കൂടുമാറ്റം എത്ര വിഷമകരമായിരുന്നുവെന്ന ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.- യുസ്‌തെ പറഞ്ഞു

മെസ്സി ബാഴ്‌സയേയും ഈ നഗരത്തെയും ഇഷ്ടപ്പെടുന്നുവെന്നും അതിനാല്‍ ഇവിടെ അദ്ദേഹത്തിന്റെ കഥ തുടരാനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും യുസ്‌തെ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മെസ്സിയുടെ തിരിച്ചുവരവിനെ സംബന്ധിച്ച് സംസാരിക്കാന്‍ പറ്റിയ സമയം ആയിട്ടില്ലെന്നാണ് ബാഴ്‌സ പരിശീലകന്‍ സാവി പ്രതികരിച്ചത്. ബാഴ്‌സയില്‍ അദ്ദേഹത്തെ വീണ്ടും കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാത്തിരുന്നു കാണാമെന്നും സാവി കൂട്ടിച്ചേര്‍ത്തു.

2021-ലാണ് മെസ്സി ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. നിലവില്‍ പിഎസ്ജിയില്‍ മികച്ച ഫോമിലാമെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ടീം പുറത്തായിക്കഴിഞ്ഞു. ബാഴ്‌സലോണയിലേക്ക് മെസ്സി തിരിച്ചുവരുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button