ജവാന് ‘കൂടുതൽ വീര്യം’, കോഴിക്കോട്ടെ ബാർ പൂട്ടിച്ചു
കോഴിക്കോട്: അനുവദനീയ അളവിൽ കൂടുതൽ ആൽക്കഹോൾ ഉള്ള മദ്യം വിറ്റ ബാറിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് മുക്കത്തെ മലയോരം ഗേറ്റ് വേ ബാറാണ് അടച്ചുപൂട്ടി സീൽ ചെയ്തത്. ഇവിടെ നിന്ന് വിറ്റ ത്രിബിൾ എക്സ് ജവാൻ മദ്യത്തിൽ 62.51% ആൽക്കഹോൾ കണ്ടെത്തിയിരുന്നു.
ബാറില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്ത മദ്യം റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് അളവിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയത്. ബാർ ഉടമയ്ക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. എങ്കിലും നടപടി സ്വീകരിക്കാത്തതിൽ വ്യാപക പരാതി ഉയർന്നിരുന്നു.
മെയ് 29-ന് മലയോരം ബാറില്‍ നിന്ന് ത്രിബിള്‍ എക്സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മദ്യം വാങ്ങിയവർ എക്‌സൈസിൽ പരാതി നൽകി. രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.
പരിശോധിച്ച സാമ്പിളിൽ നിർദ്ദേശിച്ച അളവിൽ കൂടുതൽ ഈതൈൽ ആൽകഹോൾ കണ്ടെത്തി. ജവാനിൽ 42.18 ശതമാനമാണ് ഈതൈൽ ആൽക്കഹോൾ വേണ്ടതെങ്കിലും ബാറില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച കുപ്പിയില്‍ 62.51 ശതമാനമായിരുന്നു ആല്‍ക്കഹോളിന്‍റെ അളവ്.
മദ്യത്തില്‍ എങ്ങനെ മായം ചേര്‍ത്തുവെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ. ബാറിൽ വെച്ചു തന്നെ കൃത്രിമം നടന്നരിരിക്കാനാണ് സാധ്യതയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇതേ ബ്രാൻഡിലുള്ള കുപ്പികളിൽ കൃത്രിമം കണ്ടെത്തിയിട്ടുമില്ല. അബ്കാരി ആക്റ്റിലെ 56ബി,57എ വകുപ്പുകൾ പ്രകാരം കേസെടുത്തു. പരിശോധിച്ച ലാബിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബാർ ഉടമയുടെ വിശദീകരണം.