കൊച്ചി: ജനുവരി 31, ഫെബ്രുവരി ഒന്ന് ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികളാണ് സമരം പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖല ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. മുപ്പതിനു പ്രധാനകേന്ദ്രങ്ങളിലെല്ലാം പ്രതിഷേധറാലി സംഘടിപ്പിക്കും. പണിമുടക്ക് ദിനങ്ങളില്‍ കേന്ദ്രീകൃത പ്രതിഷേധറാലിയും ധര്‍ണയും ഉണ്ടാകും. ഫെബ്രുവരി ഒന്നിന് ജില്ലാ കളക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്കു നിവേദനം നല്‍കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കും.
ഇതിനുശേഷവും പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പെന്‍ഷന്‍ പരിഷ്‌കരിക്കുക, കുടുംബ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, പ്രവര്‍ത്തന ലാഭാടിസ്ഥാനത്തില്‍ സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് പുതുക്കിനിശ്ചയിച്ച് പഞ്ചദിന വാര പ്രവര്‍ത്തനം നടപ്പാക്കുക, സ്‌പെഷല്‍ അലവന്‍സ് അടിസ്ഥാന ശമ്പളത്തോട് സംയോജിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി റദ്ദാക്കുക തുടങ്ങിയ പന്ത്രണ്ടിന ആവശ്യങ്ങളും ഉന്നയിച്ചാണു സമരം.