
ചാലക്കുടി: പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതിയുടെ മൊഴിയിലെ വിശദാംശങ്ങൾ പുറത്ത്. ബാങ്കിലെ പണം മുഴുവനായി എടുത്തുകൊണ്ടുപോകണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും തനിക്ക് ആവശ്യമുണ്ടായിരുന്ന പണം കിട്ടിയെന്ന് ഉറപ്പായതോടെയാണ് ബാങ്കിൽനിന്ന് പോയതെന്നും ഇയാൾ മൊഴി നൽകി.
ബാങ്ക് മാനേജർ മരമണ്ടനെന്നും കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നെന്നും പ്രതിയായ റിജോ പോലീസിനോട് പറഞ്ഞു. ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്ന് പിന്മാറിയിരുന്നേനെന്നാണ് ഇയാൾ പറയുന്നത്. അതേസമയം, പ്രതിയെ പിടിച്ചതിൽ സന്തോഷമെന്ന് പോട്ട ഫെഡറൽ ബാങ്ക് മാനേജർ പി.ജി. ബാബു പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പിടിയിലായ റിജോയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ പോലീസ് നടത്തിയ തെളിവെടുപ്പിൽ ബാങ്കിൽനിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽനിന്ന് 12 ലക്ഷം കണ്ടെടുത്തിരുന്നു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഇതിനുശേഷം പ്രതിയെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതി റിജോ ആന്‍റണിയിലേക്ക് അയൽവാസികളായ ആരുടേയും സംശയം ഒരിക്കലും നീണ്ടിരുന്നില്ല. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്തപ്പോൾ അതിലും റിജോ പങ്കെടുത്തിരുന്നു. ഇന്നലെ വീട്ടിൽ നടത്തിയ കുടുംബസംഗമത്തിൽ ബാങ്ക് കൊള്ള ചർച്ച ആയപ്പോൾ, ‘ അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ട് റിജോയുടെ മറുപടി. നിമിഷങ്ങൾക്കകം റിജോയെ തേടി പോലീസ് എത്തി.
വീട്ടിൽ കുടുംബ സംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വീട് വളഞ്ഞ് വലയിലാക്കിയത്. ഇന്നലെ റിജോയുടെ വീട്ടിൽ വെച്ചായിരുന്നു കുടുംബ സംഗമം നടന്നത്. പള്ളിയിൽ നിന്നും അച്ചൻ വന്ന് മോഷ്ടാവ് ഈ ഭാഗത്തേക്കാണ് വന്നതെന്ന് പറഞ്ഞപ്പോൾ റിജോ “എയ് ഇവിടെ ആരും അല്ല, അതിവിടെയുള്ള കള്ളന്മാരായിരിക്കില്ലെന്നും” മറുപടിയും പറഞ്ഞുവെന്ന് ചാലക്കുടി നഗരസഭ ഒന്നാം വാർഡ് കൗൺസിലർ ജിജി ജോൺസൻ പ്രതികരിച്ചു. വലിയ മുന്നൊരിക്കങ്ങൾ നടത്തിയതിനാൽ പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു റിജോക്കുണ്ടായിരുന്നത്. പൊലീസ് വന്നപ്പോൾ അമ്പരന്നുവെന്നും ദൃക്സാക്ഷികക്ഷി പറയുന്നു.