CrimeFeaturedHome-bannerNews

കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ കോടികളുടെ തട്ടിപ്പ്, നഷ്ടമായത് 8.13 കോടി; ജീവനക്കാരന്‍ കുടുംബത്തോടെ മുങ്ങി

പത്തനംതിട്ട: പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ്. ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ ഇയാൾ വിവിധ അക്കൗണ്ടുകളിൽനിന്ന് തട്ടിയെടുത്തതായാണ് കണ്ടെത്തൽ. ക്രമക്കേട് കണ്ടെത്തിയതോടെ ഒളിവിൽപോയ ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

പത്തനംതിട്ട നഗരത്തിലെ കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യർ കം ക്ലർക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി അന്ന് പരാതി ലഭിച്ചിരുന്നു.

ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി. തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽനിന്നുള്ള പണം തിരികെ നൽകി പരാതി പരിഹരിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

ദീർഘകാലത്തെ സ്ഥിരനിക്ഷേപങ്ങളിൽനിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽനിന്നുമാണ് വിജീഷ് വർഗീസ് പണം തട്ടിയെടുത്തിരുന്നത്. പണം പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നൽകേണ്ട ഉയർന്ന ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ അവരുടെ കമ്പ്യൂട്ടർ കൈകാര്യം ചെയ്താണ് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്.

തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തൽ. അതേസമയം, ഇത്രയും വലിയ ക്രമക്കേടുകൾ തടയാൻ കഴിയാത്തതിൽ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 11 മുതൽ കാണാതായ വിജീഷ് വർഗീസിനെക്കുറിച്ച് ഇതേവരെ പോലീസിന് വിവരം ലഭിച്ചിട്ടില്ല. ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പമാണ് ഇയാൾ മുങ്ങിയിരിക്കുന്നത്. വിജീഷിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും ഫെബ്രുവരി 11 മുതൽ സ്വിച്ച് ഓഫാണ്.

ഇയാൾ ഉപയോഗിച്ചിരുന്ന കാർ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽനിന്നും പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയിൽ ഒളിവിൽ കഴിയുകയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker