ജോയ് മാത്യൂവിനെ തകര്‍ത്തു,ബാലചന്ദ്രന്‍ ചുള്ളിക്കാട് ഫെഫ്കാ റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്റ്
കൊച്ചി: അമ്മയ്ക്ക് പിന്നാലെ ഫെഫ്കയിലും ജനാധിപത്യം എത്തിയപ്പോൾ വിജയം ബാലചന്ദ്രൻ ചുള്ളിക്കാടിനൊപ്പം. ഫെഫ്കാ റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു. പതിവു തെറ്റിച്ചു കൊണ്ട് ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു. ജോയ് മാത്യുവാണ് ചുള്ളിക്കാടിന്റെ എതിരാളിയായി രംഗത്തുവന്നത്.
ജോയ് മാത്യുവിനെ പരാജയപ്പെടുത്തിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചത്. റൈറ്റേഴ്‌സ് യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വർമ്മയും ശ്രീകുമാർ അരുക്കുറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.
ഇതിന് മുമ്പും ബാലചന്ദ്രൻ ചുള്ളിക്കാട് റൈറ്റേഴ്‌സ് യൂണിയന്റെ പ്രസിഡന്റായിരുന്നു. ചുള്ളിക്കാടിനെ പോലൊരു പ്രമുഖനെ ജോയ് മാത്യു അട്ടിമറിക്കുമോ എന്നതായിരുന്നു ഉയർന്നിരുന്ന ആശങ്ക. എന്നാൽ, ആ ആശങ്ക അടിസ്ഥാന രഹിതമായി. മികച്ച മാർജിനിൽ തന്നെയാണ് ചുള്ളിക്കാട് വിജയിച്ചു കയറിയത്. നേരത്തെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
ഫെഫ്കയുടെ കീഴിൽ റൈറ്റേഴ്‌സ് യൂണിയൻ ഉണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനാണ് ഉണ്ടായിരുന്നത്. വളരെ കാലം ഉണ്ണിക്കൃഷ്ണൻ എതിരില്ലാതെ ഈ സംഘടനയുടെ തലപ്പത്തിരുന്നു. പ്രസിഡന്റ് ഉൾപ്പെടെ ഒരു സ്ഥാനത്തും മത്സരമുണ്ടായിരുന്നില്ല. ഈ സംഘടനയെ പ്രതിനിധീകരിച്ചാണ് അപ്ക്‌സ് സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായി ഉണ്ണിക്കൃഷ്ണൻ തുടരുന്നത്. റൈറ്റേഴ്‌സ് യൂണിയനിലെ ജനറൽ സെക്രട്ടറി സ്ഥാനം എകെ സാജനായി.
സംഘടനയുടെ ഘടനയനുസരിച്ച് ജനറൽ സെക്രട്ടറിയാണ് ദൈനംദിന കാര്യങ്ങൾ നോക്കുന്നത്. അതുകൊണ്ട് തന്നെ പ്രസിഡന്റിനേക്കാൾ അധികാരം ജനറൽ സെക്രട്ടറിക്കുണ്ട്. അങ്ങനെ ഉണ്ണികൃഷ്ണനും എകെ സാജനും പിന്നാലെ ജിനു എബ്രഹാം എംടി അടക്കമുള്ളവർ അംഗങ്ങളായ സംഘടനയെ നയിക്കാനെത്തുന്നു.
കാപ്പ സിനിമ നിർമ്മിച്ചത് റൈറ്റേഴ്‌സ് യൂണിയനാണ്. ഈ സിനിമയ്ക്ക് പിന്നിൽ സംഘടനയ്ക്ക് വേണ്ടി നിർമ്മാതാവായി നിറഞ്ഞതും ജിനുവാണ്. ആദ്യമായിട്ടായിരുന്നു സിനിമാ നിർമ്മാണത്തിലേക്ക് സംഘടന കടന്നത്. കാപ്പ വിജയവുമായി. പിന്നാലെ സംഘടനയെ നയിക്കാനുള്ള ഉത്തരവാദിത്തവും ജിനുവിൽ എത്തി.
എഴുത്തുകാരുടെ സംഘടനയിൽ രണ്ട് വൈസ് പ്രസിഡന്റ് പദവികളാണുള്ളത്. ഇതിലേക്ക് നാലുപേർ നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനും എംആർ ജയഗീതയും സത്യനാഥും സിബികെ തോമസും നാമനിർദ്ദേശം നൽകിയിരുന്നു. രണ്ട് ജോയിന്റെ സെക്രട്ടറി പദത്തിലേക്ക് മൂന്ന് പേരായിരുന്നു മത്സര രംഗതത് ഉണ്ടായിരുന്നത്. ശ്രീകുമാർ അരുക്കുറ്റിയും സന്തോഷ് വർമ്മയും റോബിൻ തിരുമലയും.
ഇതിൽ റോബിൻ തിരുമല പരാജിതനായി. ട്രഷററായി ശ്രീമൂലനഗരം മോഹൻ മാത്രമാണ് പത്രിക നൽകിയത്. അതുകൊണ്ട് തന്നെ എതിരില്ലാതെ അദ്ദേഹം ട്രഷററായി. എക്‌സിക്യൂട്ടീവ് സമിതിയിലേക്ക് 14 ഒഴിവുകളുണ്ട്. എന്നാൽ എട്ടു പേർ മാത്രമേ പത്രിക നൽകിയിട്ടുള്ളൂ. ഇവർ എതിരില്ലാതെ ജയിക്കും.
ഉദയകൃഷ്ണ, ജെസൻ ജോസഫ്. ജോസ് തോമസ്, ബാറ്റൺ ബോസ്, ബെന്നി ആശംസ, ബെന്നി പി നായരമ്പലം, ഷൈജു അന്തിക്കാട്, സുരേഷ് പൊതുവാൾ എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് എത്തുന്നവർ. സിനിമയിലെ വിവിധ മേഖലയിൽ പെട്ടവരുടെ കോൺഫഡറേഷനാണ് ഫെഫ്ക. ഫെഫ്കയ്ക്ക് കീഴിൽ 19 സിനിമാക്കാരുടെ തൊഴിൽ സംഘടനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എഴുത്തുകാരുടെ കൂട്ടായ്മയായ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ.