ബാലഭാസ്‌കറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് ഡിജിപി. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ആരോപണങ്ങളെല്ലാം പരിശോധിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
കേസില്‍ സിബിഐ അന്വേഷണം വേണമെന്നുകാട്ടി നേരത്തെ ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെസി ഉണ്ണി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കെ സി ഉണ്ണി വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് സ്വര്‍ണകടത്തുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ചിന് പരിമിതികളുണ്ടെന്നായിരുന്നു ഉണ്ണി അപേക്ഷയില്‍ പറഞ്ഞത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അന്വേഷണം മുന്നോട്ടുപോയെങ്കിലും എങ്ങുമെത്തിയില്ല. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുനന്ദരവും നിലവില്‍ ഡിആര്‍ഐയുടെ കസ്റ്റഡിയിലാണ്. ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ല.