തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും അതില്‍ ദുരൂഹതയില്ലെന്നും ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് സംഘം ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കാറിന്റെ അമിത വേഗതയാണ് നിയന്ത്രണംവിട്ട് അപകടമുണ്ടാകാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.തൃശ്ശൂരില്‍നിന്ന് പുറപ്പെട്ടത് മുതല്‍ അമിതവേഗത്തിലായിരുന്നു കാര്‍. മൂന്നര മണിക്കൂറിനുള്ളില്‍ കാര്‍ 260 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ കുടുംബം അന്ന് രാത്രി തന്നെ മടങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ ബാലഭാസ്‌കര്‍ തീരുമാനിച്ചിരുന്നു. രാത്രി തന്നെ മടങ്ങുന്നതിനാല്‍ നിരക്ക് കുറച്ചുതരണമെന്ന് ബാലഭാസ്‌കര്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനാലാണ് രാത്രി യാത്രയില്‍ അസ്വാഭാവികതയില്ലെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്.
അപകടം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടെന്ന കലാഭവന്‍ സോബിയുടെ വാദങ്ങളും ക്രൈംബ്രാഞ്ച് തള്ളി.ബാലഭാസ്‌കറിന്റെ പിതാവ് ഉന്നയിച്ച എല്ലാ സംശയങ്ങളും അന്വേഷിച്ചെന്നും അപകടത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തതിനാല്‍ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് സിബിഐ ഉദ്യോഗസ്ഥരും പരിശോധിച്ചുവരികയാണ്.
2018 സെപ്റ്റംബര്‍ 25ന് ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപമാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്ത് വച്ചു തന്നെ ഒന്നരവയസുകാരിയായ മകള്‍ തേജസ്വനി മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനുമാണ് മരണപ്പെട്ടത്. അമിത വേഗതയില്‍ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പവും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നത്.