തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊല്ലത്തെ ജ്യൂസ് കടയുടമ ഷംനാദ്. പ്രകാശന്‍ തമ്പിയെ അറിയില്ലെന്നും അയാള്‍ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കൊണ്ടുപോയിയെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടില്ലെന്ന് ഷംനാദ് വ്യക്തമാക്കി. ദൃശ്യങ്ങള്‍ കൊണ്ടുപോയത് പോലീസുകാരാണെന്ന് ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.
പുലര്‍ച്ചെ രണ്ട് മണിക്കാണ് കരിക്കിന്‍ ജ്യൂസ് കുടിക്കാന്‍ ബാലഭാസ്‌ക്കറും ഡ്രൈവറും കടയില്‍ എത്തിയത്. ഉറക്കച്ചടവില്‍ ഭാര്യക്കും മറ്റും കുടിക്കാന്‍ വേണ്ടേയെന്ന് ചോദിച്ച എന്നോട് അവര്‍ക്ക് മൂന്നാല് ദിവസത്തെ യാത്രാക്ഷീണം ഉണ്ടെന്നും ഉറങ്ങുകയാണെന്നും ബാലഭാസ്‌കര്‍ പറഞ്ഞു. എന്നാല്‍ ബാലഭാസ്‌കര്‍ മരിച്ച ശേഷം പോലീസുകാര്‍ അന്വേഷണത്തിന് വന്നപ്പോഴാണ് വയലിനിസ്റ്റ് ബാലഭാസ്‌കറാണ് കടയില്‍വന്നതെന്ന് മനസിലായതെന്ന് ഷംനാദ് പറഞ്ഞു.
നീല ഇന്നോവ കാര്‍ തന്നെയാണ് കണ്ടതെന്നും ബാലഭാസ്‌കര്‍ കടയില്‍നിന്ന് പോകുന്നതിന് മുമ്പുതന്നെ താന്‍ കിടക്കാന്‍ പോയിയെന്നും ഷംനാദ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ 30 ദിവസത്തേക്ക് മാത്രമേ നില്‍കുകയുള്ളൂയെന്ന് ഡിവൈഎസ്പി ഹരികൃഷ്ണനോട് ഷംനാദ് പറഞ്ഞിരുന്നു. എന്നാല്‍ ഫോറന്‍സിക് വിദഗ്ദ്ധരെകൊണ്ട് ദൃശ്യങ്ങള്‍ എടുപ്പിക്കാമെന്നും പോലീസുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും ദൃശ്യങ്ങള്‍ കൈമാറരുതെന്നും ഹരികൃഷ്ണന്‍ സാര്‍ പറഞ്ഞുവെന്നും ഷംനാദ് വ്യക്തമാക്കി. ജ്യൂസ് കടയിലെ സിസിടിവി പ്രകാശന്‍ തമ്പി എടുത്തുകൊണ്ടുപോയിയെന്ന് ഷംനാദ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയെന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നിരിന്നു.