News

സര്‍ക്കാരിന് തിരിച്ചടി; എട്ടുനഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാര്‍ തിരിച്ചടി. 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി.

ഒന്‍പത് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്. കൊടുവള്ളി, ഫറോഖ്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍ നഗരസഭകളിലെയും പടന്ന പഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്. വാര്‍ഡ് വിഭജനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയതോടെ രാഷ്ട്രീയ ലാഭമാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പരാതിയിലാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്.

പുതിയ സെന്‍സസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തില്‍ തന്നെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള നീക്കം സെന്‍സസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പല്‍ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. നിലവിലുള്ള 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് 2015ല്‍ വാര്‍ഡ് വിഭജനം നടന്നിട്ടുള്ളത്. പുതിയ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍, 2019 ഡിസംബര്‍ 31ന് ശേഷം വാര്‍ഡ് പുനര്‍ വിഭജനം സാധ്യമല്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്.

2011ലെ സെന്‍സസ് പ്രകാരം 2015-ല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തിയിട്ടുള്ളതാണ്. അതിനുശേഷം സെന്‍സസ് നടന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള വാര്‍ഡ് പുനര്‍വിഭജനം നിയമപരമായി നിലനില്‍ക്കില്ല എന്നതാണ് ഹൈക്കോടതി നിരീക്ഷണം. വാര്‍ഡ് പുനര്‍വിഭജനത്തിന് അടിസ്ഥാനമാക്കേണ്ടത് സെന്‍സസ് ആണെന്ന് കോടതി വ്യക്തമാക്കി.

ഹര്‍ജി പരിഗണിച്ചപ്പോള്‍തന്നെ സെന്‍സസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ വിശദീകരണങ്ങള്‍ കോടതി ചോദിച്ചിരുന്നു. ഇവ ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇത്തരം ഒത്തുതീര്‍പ്പിലേക്ക് എത്തിയത്. വാര്‍ഡ് വിഭജനത്തിന്റെ കരട് പുറത്തുവന്നപ്പോള്‍ തന്നെ ആദ്യം രംഗത്തെത്തിയത് സിപിഐയുടെ സംഘടനയായ കേരള എല്‍എസ്ജി എംപ്ലോയിസ് ഫെഡറേഷനാണ്. വാര്‍ഡ് വിഭജനം അശാസ്ത്രീയമാണെന്നായിരുന്നു അന്ന് ചൂണ്ടിക്കാണിച്ചത്. പുതിയ അതിര്‍ത്തികള്‍ നിശ്ചയിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നായിരുന്നു വാദം.

2015ല്‍ തന്നെ പഞ്ചായത്തുകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നെങ്കിലും അത് എങ്ങുമെത്തിയിരുന്നില്ല. അതിനിടെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് അധികമാക്കുക എന്ന നിലയിലുള്ള വാര്‍ഡ് വിഭജനരീതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ഇത് അന്തിമ ഘട്ടത്തിലെത്താനിരിക്കവെയാണ് നിയമക്കുരുക്കില്‍പ്പെട്ടത്. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിനേറ്റ തിരിച്ചടിയാണ് ഇന്നത്തെ വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker