എന്തുകാര്യത്തിനും ‘അമ്മ’യുടെ നെഞ്ചത്തേക്ക് കയറുന്നത് ശരിയല്ല, ജയൻ ചേർത്തലയ്ക്ക് പിന്തുണ: ബാബുരാജ്

കൊച്ചി: നിര്‍മാതാക്കളുടെ സംഘടന നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ ജയന്‍ ചേര്‍ത്തലയ്ക്ക് പിന്തുണയുമായി താരസംഘടനയായ ‘അമ്മ’യുടെ അഡ് ഹോക് കമ്മിറ്റിയുടെ ചുമതലയുള്ള നടന്‍ ബാബുരാജ്. ജയന്‍ ചേര്‍ത്തല പറഞ്ഞത് സംഘടനയുടെ അഭിപ്രായമാണെന്നും അദ്ദേഹത്തിന് സംഘടനയുടെ പൂര്‍ണ്ണപിന്തുണയുണ്ടെന്നും ബാബുരാജ് പറഞ്ഞു. .
ജയന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ല. സംഘടനയുടെ അഭിപ്രായമാണ് പറഞ്ഞത്. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായ പ്രകടനം നടത്തിയത്. പണം നല്‍കിയതിന് രേഖകളുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കത്തിന് അമ്മ മറുപടി കൊടുക്കും. മറുപടി കൊടുക്കാനുള്ള രേഖകളെല്ലാം തങ്ങളുടെ കൈവശമുണ്ട്. ജയന്‍ പറഞ്ഞത് വ്യക്തിപരമായ കാര്യമല്ല, സംഘടനയുടെ കാര്യമാണ്. ജയന് അമ്മയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ബാബുരാജ് പറഞ്ഞു.
വിവാദങ്ങളെല്ലാം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചുതീര്‍ക്കേണ്ടകാര്യങ്ങളാണ്. ഇവര്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കണ്ട് സംസാരിച്ചാല്‍ തീരാവുന്ന കാര്യങ്ങളേയുള്ളൂ. എല്ലാവരും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ആളുകളാണ്. എന്തുകാര്യം വന്നാലും സംഘടനയുടെ നെഞ്ചത്തേക്ക് കയറുന്നത് ശരിയല്ല. എന്തിനും അമ്മയാണ് കുറ്റക്കാരെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ടൊവിനോ ഹെലികോപ്റ്റര്‍ ചോദിച്ചു എന്നാരോ പറയുന്നത് കേട്ടു. അത് തെറ്റായ പ്രസ്താവനയാണ്. അങ്ങനെയാണെങ്കില്‍ നമ്മളും നോട്ടീസ് അയക്കേണ്ടേ. ഇല്ലാത്തകാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊക്കെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കോ പോവുകയുള്ളൂ. പ്രശ്‌നങ്ങള്‍ തീരട്ടെ എന്ന് കരുതിയാണ് സംയമനം പാലിച്ചത്. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെയല്ല തോന്നുന്നത്. വായില്‍ കോലിട്ടുകുത്തി ഒന്നും പറയിക്കരുത്’, ബാബുരാജ് വ്യക്തമാക്കി.
‘സിനിമ സമരത്തിന് സംഘടന എതിരാണ്. എന്ന് സമരം തുടങ്ങുന്നോ അന്ന് വേറെ സിനിമ തുടങ്ങുമെന്നാണ് സംഘടനയിലെ യുവാക്കളുടെ അഭിപ്രായം. സിനിമ സമരം പരിഹാരമല്ല, ഇതൊക്കെ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട കാര്യമാണ്. സമരം സര്‍ക്കാരിനെതിരെയാണെങ്കില്‍ അത് വ്യക്തമാക്കട്ടെ. സര്‍ക്കാരിനെതിരെയാണെങ്കില്‍ എല്ലാവരും കൂടെയല്ലേ അത് നടത്തേണ്ടത്. ഞങ്ങള്‍ക്ക് തന്ന കത്തില്‍ ശമ്പളത്തിന്റെ കാര്യമാണ് പറഞ്ഞത്’, ബാബുരാജ് പറഞ്ഞു.
നിര്‍മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താരസംഘടനയായ അമ്മയില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിലാണ് ജയന്‍ ചേര്‍ത്തലയ്ക്ക് നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസ് അയച്ചത്. വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേഴ്സ് അസോയിയേഷന് നല്‍കിയെന്നും നിര്‍മാതാക്കളുടെ സംഘടനയെ പല കാലത്തും സഹായിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍ അമിതപ്രതിഫലം വാങ്ങിയെന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ജയന്‍ ചേര്‍ത്തല പറഞ്ഞത്.
എന്നാല്‍, അമ്മയും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും അതില്‍ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും അമ്മയുടെ സഹായമല്ല അതെന്നും നിര്‍മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഇത്തരം ഒരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം പണം മുടക്കി ടിക്കറ്റെടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയും തെറ്റാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു.