ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്ന് മോശം ഫോമില്‍ കളിക്കുന്ന ബാബര്‍ അസമിനെ ഒഴിവാക്കി. മുന്‍ ക്യാപ്റ്റനായ അസം മാത്രമല്ല, പാക്കിസ്ഥാന്റെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരായ ഷഹീന്‍ അഫ്രീദിയെയും നസീം ഷായെയും 16 അംഗ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. മൂവര്‍ക്കുമൊപ്പം സര്‍ഫറാസ് അഹമ്മദിനും വിശ്രമം നല്‍കിയതായി പാകിസ്താന്‍ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു.
മുള്‍ട്ടാന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 500 റണ്‍സ് പിന്നിട്ടിട്ടും പാകിസ്ഥാന്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. ഇതോടെ കടുത്ത വിമര്‍ശനങ്ങളാണ്് പാകിസ്ഥാന്‍ ടീമിനെതിരെ ഉയര്‍ത്തത്. ബാബറിനെ ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നു. അവസാന 18 ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
ടീം സെലക്ഷനുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി അംഗം അഖിബ് ജാവേദ് പ്രസ്താവനയില്‍ പറഞ്ഞതിങ്ങനെ… ”ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് സെലക്ടര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. നിലവിലെ കളിക്കാരുടെ ഫോം, പരമ്പരയില്‍ തിരിച്ചുവരാനുള്ള സാധ്യത, പാക്കിസ്ഥാന്റെ 2024-25 അന്താരാഷ്ട്ര ഷെഡ്യൂള്‍ എന്നിവ ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചു. ഈ ഘടകങ്ങള്‍ കണക്കിലെടുത്ത് ബാബര്‍ അസം, നസീം ഷാ, സര്‍ഫറാസ് അഹമ്മദ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചു.” ജാവേദ് പ്രസ്താവനയില്‍ പറഞ്ഞു.
രണ്ടും മൂന്നും ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), അമീര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, മെഹ്റാന്‍ മുംതാസ്, മിര്‍ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നോമന്‍ അലി, സെയിം അയൂബ്, സാജിദ് ഖാന്‍, സല്‍മാന്‍ അലി അഗ, സാഹിദ് മെഹ്മൂദ്.