EntertainmentKeralaNews

‘മലയാളി’ പോലെ മൂന്നു തിരക്കഥകള്‍; പരസ്പരം അറിയാതെ എഴുതിയ സമാന സംഭാഷങ്ങളും എല്ലാം ആകസ്മികമെന്ന്‌ ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണമാണെന്നുപറഞ്ഞ് തിരക്കഥാകൃത്ത് നിഷാദ് കോയ ഉയർത്തിയ വിവാദങ്ങളോട് പ്രതികരിച്ച് പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ. നിഷാദ് കോയയുടെ തിരക്കഥയുമായി ഷാരിസ് എഴുതിയ തിരക്കഥയ്ക്ക് സാമ്യമുണ്ടായത് തികച്ചും ആകസ്മികമാണെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഒരേ ആശയം ഒന്നിലധികംപേർക്ക് തോന്നാമെന്നും ഇതേ ആശയമുള്ള മറ്റൊരു തിരക്കഥ 2013-ൽ ദിലീപിനെ വെച്ച് മറ്റൊരാൾ എഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം ശരിയാകും എന്ന സിനിമയുടെ ഛായാ​ഗ്രാഹകനായിരുന്ന ശ്രീജിത് ആണ് ഈ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. കോവിഡ് കാലത്ത് 2021-ൽ. ഇന്ത്യയും പാകിസ്താനും ക്വാറന്റീനിലായിപ്പോകുന്ന കഥ ഷാരിസ് ശ്രീജിത്തിനോട് പറഞ്ഞു. അവർ വർക്ക് ചെയ്ത ഡ്രാഫ്റ്റുകൾ കയ്യിലുണ്ട്.

ഈ കഥ സിനിമയാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെ ഇവർ ഇരുവരും ഹാരിസ് ദേശം എന്ന പ്രൊഡക്ഷൻ കൺട്രോളറെ കണ്ടു. അത് 2021-ആ​ഗസ്റ്റിലാണ്. റോഷൻ മാത്യുവിനോട് കഥപറയാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ചർച്ചകൾ കുറച്ച് മുന്നോട്ടുപോയെങ്കിലും പിന്നീട് എങ്ങുമെത്താതിരുന്നപ്പോഴാണ് ഷാരിസും ഡിജോയും ചേർന്ന് ജന ​ഗണ മന ചെയ്യുന്നത്.

ശ്രീജിത്തിനു വേണ്ടിയുള്ള സിനിമയുടെ ഡ്രാഫ്റ്റ് ഷാരിസ് പൂർത്തിയാക്കിയത് രണ്ടാമത്തെയോ മൂന്നാമത്തെയോ എഴുതിയ ശേഷമാണ്. അതുകൊണ്ടുതന്നെ മലയാളി ഫ്രം ഇന്ത്യയിൽ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ എന്ന് ശ്രീജിത്തിന് ക്രെഡിറ്റ് കൊടുത്തിട്ടുണ്ട്. ജയസൂര്യയുമായും ഞങ്ങൾ സംസാരിച്ചിരുന്നു. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ഡിജോയോട് ഒരു കഥയുടെ ഒരു വരിമാത്രം പറഞ്ഞിരുന്നെന്നും വിശദമായി പറഞ്ഞില്ലെന്നും അത് പറയേണ്ടത് തിരക്കഥാകൃത്താണെന്നുമാണ് ജയസൂര്യ അന്ന് പറഞ്ഞത്.

ഈ സാഹചര്യം വിലയിരുത്തിയപ്പോൾ മനസിലായത് ഒരേ കഥയും ആശയവും ഒന്നിലധികം എഴുത്തുകാർക്ക് ഉണ്ടാവാം എന്നാണ്. ഇതിനിടയിലാണ് മറ്റൊരു സംഭവം നടക്കുന്നത്. വടക്കൻ സെൽഫി എന്ന ചിത്രം സംവിധാനം ചെയ്ത പ്രജിത്തിനുവേണ്ടി രാജീവ് എന്നൊരു നവാ​ഗത എഴുത്തുകാരൻ 2013-ൽ ഇതേ കഥ തിരക്കഥയെഴുതിയിട്ടുണ്ട്.

അത് നിർമിക്കാനിരുന്നത് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് എം. രഞ്ജിത്താണ്. അതിന് രാജീവിനും പ്രജിത്തിനും അഡ്വാൻസും കൊടുത്തിരുന്നു. അവരത് ഡെവലപ്പ് ചെയ്യുകയും ദിലീപുമായി ചർച്ചനടത്തുകയും ചെയ്തിരുന്നു. പക്ഷേ ദിലീപിന്റെ ചില അസൗകര്യങ്ങൾ കാരണം ആ പടം നടക്കാതെപോയി.

രാജീവ് ഇപ്പോൾ എറണാകുളത്ത് ഒരു സ്റ്റീൽ വർക്ക് തൊഴിലാളിയായി ജോലിചെയ്യുകയാണ്. ഇതിലെ ഏറ്റവും വിചിത്രമായ ആകസ്മികത എന്നത് രാജീവിന്റെ കഥയിലെ പാകിസ്താനിയേയും ഒരു മലയാളി കബളിപ്പിച്ചിട്ടുണ്ട് എന്ന വസ്തുതയാണ്. അന്ന് അവർ ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത് അജു വർ​ഗീസിനെയാണ്.

മലയാളി ഫ്രം ഇന്ത്യയിലും ആ കഥാപാത്രമായി കാണിക്കുന്നത് അജുവിന്റെ ചിത്രമാണ്. ഏറെ ഞെട്ടിക്കുന്ന ഒരു കാര്യം, ആ തിരക്കഥയിലുള്ള ഒരു സംഭാഷണം മലയാളി ഫ്രം ഇന്ത്യയിൽ ഷാരിസ് എഴുതിയിട്ടുണ്ട്. ഇവിടെ രാജീവുണ്ട്, ഷാരിസുണ്ട്, നിഷാദ് കോയയുണ്ട്; ഇവർ മൂന്നുപേരും ഒരു പൊതു അബോധത്തിൽനിന്നാണ് ഈ എലമെന്റ്സ് എടുത്തിരിക്കുന്നത്.

രാജീവ് ജീവിതത്തിൽ ഇന്നുവരെയും ഷാരിസിനെയോ ആരെയും കണ്ടിട്ടില്ല, ഇവരാരെയും പരിചയവുമില്ല. ഇത്തരം ആകസ്മികതകളാവാം എഴുത്തിനെ മനോഹരമാക്കുന്നത്. ഷാരിസിനും ഡിജോയ്ക്കുമെതിരെ ആൾക്കൂട്ട ആക്രമണം നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ പോലും ഉപയോ​ഗിക്കാൻപറ്റാത്ത അവസ്ഥയിലാണ് ഇരുവരും നിൽക്കുന്നതെന്നും ബി.ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker