KeralaNews

ജയ്ശ്രീരാമില്‍ ബി.ജെ.പിയ്ക്കുള്ളിലും പൊട്ടിത്തെറി; ‘കാര്യമായ വിജയം കൈവരിക്കാതെ അപക്വമായി ആഘോഷം നടത്തി’പാര്‍ട്ടി കമ്മിറ്റിപോലും ചേരുന്നില്ലെന്നും വിമര്‍ശനം

പാലക്കാട്:തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടങ്ങളുണ്ടായില്ലെങ്കിലും വന്‍ നേട്ടമാണ് ഉണ്ടായതെന്ന സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അവകാശവാദങ്ങളില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി.പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തി വിജയം ആഘോഷിച്ച നടപടി അപക്വമാണെന്നും പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നുമാണ് വിമര്‍ശനമുയര്‍ന്നിരിയ്ക്കുന്നത്.

നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചിട്ടില്ലെന്നും സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും രാധകൃഷ്ണമേനോന്‍ ചൂണ്ടിക്കാട്ടി.

കാര്യമായ വിജയം കൈവരിക്കാതെ അപക്വമായി ആഘോഷം നടത്തിയെന്നും കമ്മിറ്റി പോലും കൂടാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ല പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിനെ കാര്യമായി എടുത്തിട്ടില്ലെന്നും അഭിപ്രായമുണ്ട്.

തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച അവലോകന യോഗം നടക്കാനിരിക്കെയാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളോടുള്ള സമീപനത്തില്‍ മാറ്റം വേണമെന്നും വിമര്‍ശനമുണ്ട്.നേരത്തെ സംസ്ഥാനത്ത് നേതൃമാറ്റമാവശ്യപ്പെട്ട് വിമതപക്ഷം ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു.ബി.ജി.പിയടക്കമുള്ളവര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോയപ്പോള്‍ ഇടതുമുന്നണി വികസനത്തില്‍ ശ്രദ്ധിച്ചതാണ് വന്‍വിജയത്തിന് കാരണമെന്ന് മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ കൂടുതല്‍ നേതാക്കള്‍ പരസ്യസവിമര്‍ശനവുമായി രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button