‘വിമാനം വെടിവെച്ചിട്ടത് റഷ്യ തന്നെ, കുറ്റം സമ്മതിച്ചു മാപ്പ് പറയണം; ആവശ്യവുമായി അസർബൈജാൻ പ്രസിഡന്റ്

ബാകു: 38 പേരുടെ മരണത്തിനിടയാക്കിയ കസാഖിസ്ഥാനിലെ അസർബൈജാൻ എയർലൈൻസ് വിമാന അപകടത്തിൽ പ്രതികരിച്ച് പ്രസിഡന്റ് ഇൽഹാം അലിയേവ്. റഷ്യയിൽ നിന്നുണ്ടായ വെടിവയ്പ്പിലാണ് വിമാനം തകർന്നതെന്നാണ് അസർബൈജാനി പ്രസിഡന്റ് ഇന്ന് ആരോപിക്കുന്നത്. അപകടത്തിന്റെ കാരണം മറച്ചുവെക്കാൻ മോസ്കോ പരമാവധി ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ കുറ്റം സമ്മതിക്കണമെന്നും അലിയേവ് ആവശ്യപ്പെട്ടു.
ദുരന്തവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് അസർബൈജാൻ പ്രസിഡന്റ് നിലപാട് കടുപ്പിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 67 പേരിൽ 38 പേരും കൊല്ലപ്പെട്ട അപകടത്തെക്കുറിച്ചുള്ള സത്യം മറച്ചുവെക്കാൻ റഷ്യയിലെ ചില കേന്ദ്രങ്ങൾ ശ്രമിച്ചതിൽ താൻ ഖേദിക്കുന്നതായും പ്രസിഡന്റ് അലിയേവ് പറഞ്ഞു.
വിമാനത്തിന്റെ തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തുവെന്നാണ് അലിയേവിനെ ഉദ്ധരിച്ച് അസർബൈജാൻ സ്‌റ്റേറ്റ് ടെലിവിഷൻ. റിപ്പോർട്ട് ചെയ്യുന്നത്. മോസ്‌കോ ഇക്കാര്യത്തിൽ പലതരം സിദ്ധാന്തങ്ങൾ മുന്നോട്ട് വച്ചതിനെ താൻ അപലപിക്കുന്നുവെന്ന് പറഞ്ഞ അലിയേവ് റഷ്യൻ കേന്ദ്രങ്ങൾ ഇതിനെ മറച്ചുവയ്ക്കാൻ ശ്രമിച്ചതായും ആരോപിച്ചു.
‘അസർബൈജാനി സിവിലിയൻ വിമാനം ഗ്രോസ്‌നി നഗരത്തിനടുത്തുള്ള റഷ്യൻ പ്രദേശത്തിന് മുകളിൽ നിന്ന് കേടുപാടുകൾ സംഭവിച്ചു, ഏതാണ്ട് നിയന്ത്രണം നഷ്‌ടപ്പെട്ടു എന്നതാണ് വസ്‌തുത’ അലിയേവ് പറഞ്ഞു. വിമാനത്തിന്റെ വാൽ ഭാഗത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നുവെന്നും അലിയേവ് പറയുന്നു. അബദ്ധത്തിൽ വിമാനത്തെ ആക്രമിച്ചതാണ് എന്ന് തന്നെയാണ് അലിയേവും ആരോപിക്കുന്നത്. കരുതിക്കൂട്ടിയുള്ള ആക്രമണ സാധ്യതകൾ അദ്ദേഹം തള്ളിക്കളഞ്ഞു.
‘അതിനാൽ കുറ്റം സമ്മതിക്കുക, സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസർബൈജാനോട് സമയബന്ധിതമായി മാപ്പ് പറയുക, ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുക. ഇതെല്ലാം സ്വീകരിക്കേണ്ട നടപടികളാണ്” അദ്ദേഹം പറഞ്ഞു. സംഭവത്തിൽ റഷ്യക്കെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് അലിയേവിന്റെ അഭിപ്രായപ്രകടനം വന്നിരിക്കുന്നത്.
ദുരന്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായി ടെലിഫോൺ സംഭാഷണം നടത്തിയ റഷ്യൻ പ്രസിഡന്റ് പുടിൻ ക്ഷമ ചോദിച്ചിരുന്നു. വിമാനം തകരുന്ന വേളയിൽ റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തന ക്ഷമം ആയിരുന്നു എന്നാണ് പുടിൻ ചൂണ്ടിക്കാണിക്കുന്നത്.
യുക്രൈനിയൻ ഡ്രോണുകളെ നേരിടാനാണ് വ്യോമപ്രതിരോധ സംവിധാനം പ്രവർത്തന ക്ഷമമായത് എന്നാണ് പുടിൻ വ്യക്തമാക്കിയത്. ദാരുണമായ സംഭവം നടന്നത് റഷ്യൻ വ്യോമാതിർത്തിയിൽ ആയതിനാൽ കൂടിയാണ് പുടിൻ ക്ഷമാപണം നടത്തിയത്. ഇതിന് പിന്നാലെയാണ് കുറ്റം സമ്മതിക്കണം എന്ന ആവശ്യവുമായി അസർബൈജാൻ പ്രസിഡന്റ് രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ ഡിസംബർ 25 ക്രിസ്‌മസ് ദിനത്തിൽ തകർന്ന വിമാനം റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ചെച്‌നിയയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ബാഹ്യ ഇടപെടലിന് വിധേയമായെന്നും അകത്തും പുറത്തും കേടുപാടുകൾ സംഭവിച്ചെന്നും അസർബൈജാൻ ഗതാഗത മന്ത്രി ആരോപിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ സ്ഫോടന ശബ്‌ദം കേട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും ഈ ആരോപണം ഏറ്റെടുത്തിരുന്നു.