മലപ്പുറം : അയോധ്യ വിഷയത്തിലെ സുപ്രീം കോടതി വിധിയ്ക്കക്ക് പിന്നാലെ വിവിധ കോണുകളിൽ നിന്നും പ്രതികരണങ്ങളുയരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമാണ് മുനവ്വർ അലി തങ്ങളുടേത്
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
ബാബരി മസ്ജിദ് പ്രശ്‌നത്തിൽ സുപ്രിം കോടതി ഒരു പരിഹാരത്തിൽ എത്തിയിരിക്കുകയാണ്. ഒരു രാഷ്ട്രീയ പ്രശ്‌നം എന്ന നിലയിൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. സുപ്രിം കോടതി വിധിയെ മാനിക്കുക എന്നതാണ് ഓരോ ഇന്ത്യൻ പൗരന്റെയും ഉത്തരവാദിത്തം. ന്യായമായ വിയോജിപ്പുകൾ നിയമപരമായി ഉന്നയിക്കാനുള്ള അവസരങ്ങളും ഭരണഘടന നൽകുന്നുണ്ട്. എല്ലാ വിശ്വാസ, ആചാരങ്ങളെയും മാനിച്ചുകൊണ്ടും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടുമാണ് ഭരണഘടനാ ബഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭരണഘടനാ പരിഹാരങ്ങൾക്കൊപ്പം മധ്യസ്ഥ ശ്രമങ്ങൾക്കുള്ള വാതിലുകളും കോടതി തുറന്നിട്ടിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു വിധി പുറത്തുവന്നിരിക്കുന്നത്.
ആര് തോറ്റു, ആര് ജയിച്ചു എന്നതിനേക്കാൾ കാലങ്ങളായി ഇന്ത്യയെ കാർന്നു തിന്നിരുന്ന ഒരു വ്യാധിയുടെ കാര്യത്തിൽ പരമോന്നത കോടതി തീർപ്പു കൽപിച്ചു എന്നതാണ് കാര്യം. വിധിയുമായി ബന്ധപ്പെട്ട് കോടതി നടത്തിയ ചില നിരീക്ഷണങ്ങൾ വളരെ പ്രസക്തമാണ്. കാലങ്ങളായി സംഘ്പരിവാർ നടത്തിവരുന്ന കള്ളപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു ഈ നിരീക്ഷണങ്ങൾ. 1949ൽ പള്ളിക്കകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചതാണ് ഇതിലൊരു കാര്യം. ഇത് സ്വയംഭൂവാണെന്ന വാദം ജനങ്ങളെ വിശ്വസിപ്പിച്ചാണ് ഇവർ വർഗ്ഗീയ പ്രചാരണം നടത്തിയിരുന്നത്. മറ്റൊന്ന് 1992ലെ പള്ളി തകർക്കലാണ്. ഇതു രണ്ടും സുപ്രിംകോടതിയുടെ വിലക്കുകളെ ലംഘിക്കുന്ന അതിക്രമങ്ങളായിരുന്നു എന്ന് സുപ്രിം കോടതി കണ്ടെത്തി.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകൾ തള്ളിക്കളയാതെയാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ബാബരി മസ്ജിദ് പണിതത് ഒരു ഹിന്ദു നിർമ്മിതിക്കു മുകളിലാണെന്നാണ് പുരാവസ്തു വകുപ്പ് കണ്ടെത്തിയത്. എന്നാൽ അത് ക്ഷേത്രമാണോ എന്ന കാര്യം വ്യക്തമല്ല. അതുകൊണ്ട് ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഉറപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. പള്ളി ഒരുകാലത്തും മുസ്ലിംകൾ ഉപേക്ഷിച്ചിരുന്നില്ല. രാമജന്മ ഭൂമിയാണെന്ന വിശ്വാസത്തെയോ മുസ്ലിംകളുടെ പള്ളിയാണെന്ന വിശ്വാസത്തെയോ കോടതി തള്ളിക്കളഞ്ഞില്ല. പള്ളിക്കകത്ത് മുസ്ലിംകളും പുറത്ത് ഹിന്ദുക്കളും ആരാധന നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ അലഹബാദ് കോടതി ചെയ്ത പോലെ മസ്ജിദ് നിൽക്കുന്ന സ്ഥലം ഭാഗിക്കുമോ എന്നാണ് എല്ലാവരും കരുതിയത്. തൽസ്ഥാനത്ത് ക്ഷേത്രം പണിയാൻ അനുമതി നൽകിയതിലൂടെ സമാധാനത്തോടെ പ്രശ്‌നം പരിഹരിക്കുക എന്നതായിരിക്കണം സുപ്രിം കോടതി ലക്ഷ്യമിട്ടത്.
ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കോടതിവിധിയിൽ അതൃപ്തിയും നിരാശയുമുണ്ട്. പക്ഷേ, പരമോന്നത കോടതിയുടെ വിധിയെ മാനിക്കുക എന്നത് ഏതൊരു പൗരന്റെയും കടമയാണ്. മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡും മുസ്‌ലിംലീഗ് ഉൾപ്പെടെ നിരവധി സംഘടനകളും കോടതി വിധി മാനിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. വിധിക്കെതിരെ റിവ്യൂ ഹർജി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കുന്നുണ്ട്. മുസ്‌ലിംകൾക്ക് നഷ്ടമായ ഭൂമിക്ക് പകരം ഇരട്ടി സ്ഥലം നൽകാനാണ് കോടതിയുടെ വിധി. ഇരു കൂട്ടരെയും പരിഗണിക്കുക എന്നതായിരിക്കാം ഈ വിധികൊണ്ട് ലക്ഷ്യമാക്കുന്നത്. എന്തായാലും രാജ്യത്തെ നിയമ വ്യവസ്ഥയെ അനുസരിച്ച് ജീവിക്കുന്ന ജനസമൂഹം എന്ന നിലയിൽ ഈ വിധിയെ മാനിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ഉചിതം.
1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ചെറിയൊരു തീപ്പൊരി പോലും വീഴാതെ കേരളം കാത്തുസൂക്ഷിച്ച ഒരു പാരമ്പര്യമുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടാണ് ആ കൊടിയ വേദനയുടെ ഘട്ടത്തിലും പ്രകോപനങ്ങളെ അതിജയിച്ച് നാം മാതൃക കാട്ടിയത്. സുപ്രിം കോടതി വിധി എന്തായാലും അതിനെ സംയമനത്തോടെ നേരിടണമെന്ന് വിധി വരുന്നതിനു മുമ്പു തന്നെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും മുസ്‌ലിം നേതാക്കളും പ്രസ്താവിച്ചിരുന്നു. കേരളം ആ പാരമ്പര്യത്തെ കാത്തുകൊണ്ടു തന്നെയാണ് മുന്നോട്ടു പോകുന്നത് എന്നതിൽ സന്തോഷമുണ്ട്.
രാജ്യത്തെ ഹിന്ദുവെന്നും മുസ്‌ലിമെന്നും രണ്ടായി മുറിച്ച് ഭരിച്ചു തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അനായാസം രാജ്യം കീഴടക്കാനുള്ള തന്ത്രമായിരുന്നു ഈ ഭിന്നിപ്പിച്ചു ഭരിക്കൽ. ബാബരി മസ്ജിദും അതിന്റെ ബാക്കിപത്രമായിരുന്നു. ഒരു വിഭാഗത്തിൽനിന്ന് അവകാശവാദം ഉയർന്നപ്പോൾ ഇരുവിഭാഗത്തിനും ആരാധനക്ക് അവസരം നൽകി എന്നതാണ് അന്ന് അവർ ചെയ്ത കുറ്റം. അതിന്റെ പരിണിത ഫലമാണ് പിന്നീട് രാജ്യം അനുഭവിച്ചത്. വിദ്വേഷത്തിന്റെ കനലുകൾ ഊതിക്കത്തിക്കാൻ ധാരാളം ആളുകളുമുണ്ടായി. അധികാരത്തിലേക്കുള്ള ചവിട്ടു പടിയായിട്ടാണ് അവർ ഈ അവസരത്തെ ഉപയോഗപ്പെടുത്തിയത്.
രാജ്യം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ്. രാജ്യത്തെ മുസ്‌ലിംകൾ ഇപ്പോഴും പിന്നാക്കത്തിന്റെ ഭാണ്ഡവും പേറിയാണ് ജീവിക്കുന്നത്. അന്നന്നത്തെ അന്നത്തിനു വകയില്ലാതെ ലക്ഷങ്ങൾ കഴിയുന്ന മണ്ണാണ് ഇന്ത്യ. ഈ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും ഗുണാത്മക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിയണം. ബാബരി മസ്ജിദ് മുസ്‌ലിംകളുടെ പ്രശ്‌നം എന്നതിനേക്കാൾ ഇന്ത്യൻ മതേതരത്വത്തിന്റെ പ്രശ്‌നമായിരുന്നു. അതുമായി ബന്ധപ്പെട്ട വിധി മതേതരത്വത്തിൽ വിശ്വസിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പള്ളി പോലുമില്ലാത്ത, നിസ്‌കരിക്കാൻ അറിയാത്ത, പേരിനു മാത്രം മുസ്‌ലിം സ്വത്വം പേറുന്ന എത്രയോ ആളുകൾ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലുണ്ട്. ബാബരി മസ്ജിദാനന്തരം നമ്മുടെ ചർച്ചകൾ അവരുടെ അതിജീവനത്തിലേക്ക് വഴിമാറണം. ഒരു ബാബരിക്കു പകരം ശോചനീയാവസ്ഥയിലുള്ള ആയിരം പള്ളികൾ നന്നാക്കാനും ആരാധനക്കൊപ്പം വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റങ്ങൾക്ക് അവരെ പ്രാപ്തമാക്കാനുമുള്ള പദ്ധതികളുണ്ടാവണം. ആലോചിച്ചോ തർക്കിച്ചോ നിൽക്കാൻ നേരമില്ല. നടന്നുതീർക്കാൻ ഒരുപാടുണ്ട്. നാം മുന്നോട്ടു തന്നെയാണ്.