അയോധ്യ:അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഇന്നു പ്രാണപ്രതിഷ്ഠ. രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം 12.20ന് ആയിരിക്കും പ്രാണപ്രതിഷ്ഠ. ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ അയോധ്യയിലെത്തും.
കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്ഠാനച്ചടങ്ങുകൾ ഇന്നലെ പൂർത്തിയായി. വിവിധ പുണ്യതീർഥങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലമുപയോഗിച്ച് അഭിഷേകം നടന്നു. ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം പുലർച്ചെ ആരംഭിക്കും.
മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണു പ്രതിഷ്ഠ. 5 വയസ്സുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണു പൊതുജനങ്ങൾക്കു ദർശനം അനുവദിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്തു ശ്രീകോവിലിൽ ഉണ്ടാവുക. ചടങ്ങുകൾക്കു ശേഷം ഒരു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥികളെ അഭിസംബോധന ചെയ്യും. 8000 പേർക്കാണു ചടങ്ങിലേക്കു ക്ഷണം. കേരളത്തിൽനിന്ന് പി.ടി.ഉഷയടക്കം 20 പ്രമുഖരും 22 സന്യാസിമാരും പങ്കെടുക്കും.