11.30 മുതൽ 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; അൾട്രാവയലറ്റ് സൂചികയും അപകടകരമായ നിലയിൽ
തിരുവനന്തപുരം: ചൂട് കനത്തതോടെ സൂര്യരശ്മികളിൽനിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോതും സംസ്ഥാനത്ത് അപകടകരമായ നിലയിലേക്ക് ഉയരുന്നു. കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം ശേഖരിച്ച കണക്കുകളിലാണ് അൾട്രാ വയലറ്റ് സൂചിക (യു.വി ഇൻഡക്സ്) കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയരുന്നതായി വ്യക്തമായത്.
അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ കനം കുറഞ്ഞതും വിള്ളലും തെളിഞ്ഞ അന്തരീക്ഷവും അൾട്രാവയലറ്റ് സൂചിക ഉയരാൻ കാരണം ആണ്. കേരളത്തിൽ 12-13 ആണ് അൾട്രാവയലറ്റ് സൂചിക. ഏറ്റവും മാരകമായ തോതാണിത്. അതിനാൽ മാർച്ച് 14 വരെ രാവിലെ 11.30 മുതൽ ഉച്ചക്ക് മൂന്ന് വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. അൾട്രാവയലറ്റ് വികിരണത്തിൻറെ അളവ് ഏറ്റവും കൂടുതലുള്ള മണിക്കൂറുകളാണ്.
വെയിൽ തുടർച്ചയായി ഏൽക്കുന്നത് ശരീരത്തിൽ അൾട്രാവയലറ്റ് രശ്മികൾ പതിക്കാൻ ഇടയാക്കും. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ചർമത്തിൽ അർബുദം, അന്ധത, പ്രതിരോധശേഷിക്ക് കോട്ടം എന്നിവയെല്ലാം ഇതിൻറെ ഭാഗമായി ഉണ്ടാകാം. അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ചർമത്തെ സംരക്ഷിക്കാൻ വാട്ടർ റെസിസ്റ്റൻറ് ആയതും എസ്.പി.എഫ് 30 ഉള്ളതുമായ സൺസ്ക്രീൻ ഉപയോഗിക്കണം.
കുട്ടികളെ പുറത്തിറക്കുമ്പോഴും സൺസ്ക്രീൻ പുരട്ടണം. നീളമുള്ള കൈകളുള്ള വസ്ത്രങ്ങളും കുടയും തൊപ്പികളും സൺഗ്ലാസുകളും ഉപയോഗിക്കണം. ഇവ സൂര്യപ്രകാശം നേരിട്ട് അടിക്കുന്നതിൻറെ അളവ് കുറക്കും.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വേനൽമഴക്ക് ഇന്നലെ മുതൽ സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യത മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് എന്നാണ് റിപ്പോർട്ട്.
അതേസമയം ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽമഴ ലഭിച്ചേക്കും. എന്നാൽ താപനിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് കരുതുന്നത്. എങ്കിലും മഴ ലഭിക്കുന്ന ദിവസങ്ങളിൽ എങ്കിലും താപനില വലിയ തോതിൽ ഉയരാനിടയില്ല.
ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് ആണ് രേഖപ്പെടുത്തയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോട്ടയം ജില്ലയിൽ താപനില 39 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് കടന്നിരുന്നു. ശനിയാഴ്ച സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ് എന്നാണ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പറയുന്നത്. ഈ മേഖലയിൽ ഇന്നലെ 41.1 ഡിഗ്രി സെൽഷ്യസ് താപനില ആണ് രേഖപ്പെടുത്തിയത്.