നാഥുലാ ചുരത്തിൽ മഞ്ഞിടിച്ചിൽ: ഏഴു പേർ മരിച്ചു, 50 ഓളം പേർ കുടുങ്ങി
ഗാങ്‌ടോക്ക്: സിക്കിമിലെ നാഥുലാ ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് വന്‍ ദുരന്തം. ഏഴു പേര്‍ മരിച്ചു. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയായിരുന്നു അപകടം. 22 പേരെ ഇതുവരെ രക്ഷപെടുത്താനായിട്ടുണ്ട്
ദുരന്തത്തിനിരയായവര്‍ എവിടെ നിന്നെത്തിയ വിനോദസഞ്ചാരികളാണെന്ന് വ്യക്തമല്ല. സിക്കിം തലസ്ഥാനമായ ഗ്യാങ്‌ടോക്കില്‍ നിന്നും നാഥുലയിലേക്കുള്ള വഴിയില്‍ ജവഹര്‍ലാല്‍ റോഡിലെ പതിനാലാം മൈലിലാണ് മഞ്ഞുമല ഇടിഞ്ഞത്.
150-ഓളം വിനോദസഞ്ചാരികള്‍ ഈ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം. ഇതില്‍ 22 പേരെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.മഞ്ഞ് നീക്കി കണ്ടെടുത്ത ആറ് പേരും മരിച്ചിരുന്നു. ഇതില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
രക്ഷിച്ചവരെ ഗ്യാങ്‌ടോക്കിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിക്കിം പോലീസിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പതിമൂന്നാം മൈല്‍ വരെ പോകുന്നതിന് മാത്രമാണ് പാസ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സഞ്ചാരികളില്‍ പലരും ഈ പരിധി കടന്ന് പോയിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. ഈ കണക്കുകള്‍ വച്ചാണ് 150-ഓളം പേര്‍ സ്ഥലത്ത് പ്രവേശിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്നത്.